28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

മദീന വാഹനാപകടം: മരണസംഖ്യ അഞ്ചായി; ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരി ഹാദിയയും മരണത്തിന് കീഴടങ്ങി

മദീന: സൗദി അറേബ്യയിലെ മദീന ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരി ഹാദിയ ഫാത്തിമയാണ് ബുധനാഴ്ച മരണമടഞ്ഞത്. മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീലിന്റെ മകളാണ് ഹാദിയ. ഇതോടെ ഈ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി. അബ്ദുൽ ജലീൽ, ഭാര്യ തസ്‌നി, മകൻ ആദിൽ, ജലീലിന്റെ മാതാവ് മൈമൂനത്ത് എന്നിവർ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഇവരുടെ ഖബറടക്കം ബുധനാഴ്ച പുലർച്ചെ സുബഹി നമസ്‌കാരത്തിന് ശേഷം മദീന ഹറമിലെ ജന്നത്തുൽ ബഖീഇൽ നടന്നു.

മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചത്. ജലീലിന്റെ മൂന്ന് മക്കളായ ആയിഷ, നൂറ, ഹാദിയ എന്നിവരായിരുന്നു പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ ഹാദിയയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. മറ്റൊരു മകൾ ആയിഷ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ജലീലിന്റെ മൂന്ന് മക്കൾ നാട്ടിലായിരുന്നതിനാൽ വലിയൊരു ദുരന്തത്തിൽ നിന്നും അവർ രക്ഷപ്പെട്ടു. മദീന കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ഒരു കുടുംബത്തെയാകെ തകർത്ത ഈ അപകടം പ്രവാസി മലയാളി സമൂഹത്തിന് വലിയ നോവായി മാറിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles