കോഴിക്കോട് 42 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ലക്ഷ്യം സ്കൂൾ വിദ്യാർഥികൾ

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന സൂചനകൾ ശക്തമാക്കി കോഴിക്കോട് വൻ കഞ്ചാവ് വേട്ട. മുണ്ടിക്കൽ താഴം പട്ടാളമുക്കിൽ നിന്ന് 42 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറയിൽ ജംഷീറിനെ ഡാൻസാഫ് (DANSAF) സംഘം പിടികൂടി. ഒഡിഷയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച ഈ ലഹരിമരുന്ന് പ്രധാനമായും വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കാറിന്റെ ഡിക്കിയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

ബുധനാഴ്ച രാത്രിയാണ് ഇയാളെ പോലീസ് വലയിലാക്കിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻപ് നാല് കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായിരുന്ന ജംഷീർ, ആ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും വൻതോതിൽ ലഹരി കടത്തിയത്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന വലിയൊരു ശൃംഖലയെക്കുറിച്ചുള്ള സൂചനകൾ ഈ അറസ്റ്റോടെ പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles