24 C
Saudi Arabia
Friday, February 13, 2026
spot_img

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി സ്ഥിരീകരിച്ച് വനിതാ കമ്മീഷൻ

കൊച്ചി: സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര പ്രവർത്തക ആശ ആച്ചി ജോസഫ് നൽകിയ ലൈംഗികാതിക്രമ പരാതി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി സ്ഥിരീകരിച്ചു. വിഷയത്തിൽ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, പ്രമുഖർക്കെതിരായ പരാതികളിൽ ഒത്തുതീർപ്പിനായി സമ്മർദ്ദമുണ്ടാകുന്നത് സ്വാഭാവികമാണെന്നും സതീദേവി പറഞ്ഞു. വെളിപ്പെടുത്തലുകൾ നടത്തിയ ആശയുടെ ധൈര്യത്തെ അഭിനന്ദിച്ച സതീദേവി, ഇത്തരം തുറന്നുപറച്ചിലുകൾ സ്വാഗതാർഹമാണെന്നും കൂട്ടിച്ചേർത്തു. ഐ.എഫ്.എഫ്.കെ മലയാളം ചിത്രങ്ങളുടെ സെലക്ഷൻ കമ്മിറ്റി യോഗത്തിനിടെ ചലച്ചിത്ര അക്കാദമി അതിഥികളായി താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആശയുടെ പരാതി.

തനിക്ക് നേരിടേണ്ടി വന്ന അപമാനം ബോധപൂർവമായിരുന്നുവെന്നും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും ആശ ലേഖനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. നവംബർ 24-ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഡിസംബർ എട്ട് വരെ പോലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് അവർ ആരോപിച്ചു. കുഞ്ഞുമുഹമ്മദിന്റെ പ്രായവും ആരോഗ്യവും പരിഗണിച്ച് കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദ്ദമുണ്ട്. എന്നാൽ സഹതാപമല്ല, സമൂഹത്തിന്റെ ഐക്യദാർഢ്യമാണ് തനിക്ക് വേണ്ടതെന്നും തന്റെ തുറന്നുപറച്ചിൽ ഭാവിയിൽ മറ്റ് സ്ത്രീകൾക്ക് ശബ്ദമുയർത്താൻ കരുത്തുനൽകുമെന്നും അവർ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles