മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെ മിസൈൽ ആക്രമണം. ഇറാൻ നടത്തിയ പ്രത്യാക്രമണത്തിലാണ് ഹോട്ടലിന് നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഹോട്ടലിലുണ്ടായിരുന്ന ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം കടുക്കുന്നതിനിടെയാണ് നഗരത്തിലെ പ്രമുഖ ഹോട്ടലിന് നേരെ മിസൈൽ പതിച്ചത്. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയും മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മനാമയിലെ മൂന്ന് പ്രധാന കെട്ടിടങ്ങൾക്ക് കൂടി കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.
സാഹചര്യം അതീവ ഗുരുതരമായതിനെത്തുടർന്ന് മനാമയിലെ ഹോട്ടലുകളിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാരോട് അടിയന്തരമായി അവിടെനിന്നും മാറാൻ യുഎസ് എംബസി കർശന നിർദ്ദേശം നൽകി. ഹോട്ടലുകൾ ഇനിയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും എംബസി എക്സിലൂടെ അറിയിച്ചു. മനാമയിലെ പല ഹോട്ടലുകളിൽ നിന്നും അമേരിക്കൻ ഉദ്യോഗസ്ഥരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടന ശബ്ദമോ സൈറണോ കേൾക്കുകയാണെങ്കിൽ ജനലുകളിൽ നിന്നും വിള്ളലുകളിൽ നിന്നും അകന്ന് കെട്ടിടങ്ങളുടെ ഏറ്റവും താഴത്തെ നിലയിൽ അഭയം തേടണമെന്നും എംബസിയുടെ സുരക്ഷാ അറിയിപ്പിൽ പറയുന്നു.



