പ്യോങ്യാങ്: ദീർഘകാല സുഹൃത്തായ ഇറാനുമായുള്ള ബന്ധത്തിൽ ഉത്തര കൊറിയൻ ഭരണകൂടം ബോധപൂർവ്വം അകലം പാലിക്കുന്നതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ എൻഐഎസ് (NIS) റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി അവസാനം ഇറാൻ-യുഎസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഉത്തര കൊറിയ ഇറാനിലേക്ക് ആയുധങ്ങളോ മറ്റ് സൈനിക സഹായങ്ങളോ അയച്ചതായി സൂചനകളില്ലെന്ന് എൻഐഎസ് വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുമ്പോൾ അമേരിക്കയുമായി പുതിയൊരു നയതന്ത്ര അധ്യായം തുറക്കുന്നതിന് മുന്നോടിയായാണ് കിം ജോങ് ഉന്നിന്റെ ഈ കരുതലോടെയുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ മറ്റ് സഖ്യകക്ഷികളായ റഷ്യയും ചൈനയും യുദ്ധത്തിൽ ശക്തമായ പ്രതികരണങ്ങൾ നടത്തുമ്പോൾ, ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം പരിമിതമായ പ്രസ്താവനകൾ മാത്രമാണ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനോ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനി അധികാരമേറ്റപ്പോൾ അഭിനന്ദനം അറിയിക്കാനോ പ്യോങ്യാങ് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ തന്റെ 13 വയസ്സുകാരിയായ മകൾ ജു എയെ തന്റെ പിൻഗാമിയായി വളർത്തി ക്കൊണ്ടുവരുന്നതായും എൻഐഎസ് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ സൈനികാഭ്യാസത്തിനിടെ പെൺകുട്ടി ടാങ്ക് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത് ഇതിന്റെ സൂചനയാണെന്ന് ഏജൻസി വിലയിരുത്തുന്നു. നേരത്തെ കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിനെയാണ് പിൻഗാമിയായി കണക്കാക്കിയിരുന്നത്.
എന്നാൽ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ജനുവരിയിലെ ഡ്രോൺ കടന്നുകയറ്റത്തിൽ മാപ്പ് പറഞ്ഞതിനെ സ്വാഗതം ചെയ്തുകൊണ്ട് കിം യോ ജോങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്നുണ്ടായ ഈ ഖേദപ്രകടനം ബുദ്ധിപരമായ നീക്കമാണെന്ന് വിശേഷിപ്പിച്ച അവർ, ഇത് അനാവശ്യമായ സൈനിക സംഘർഷങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കി. ദക്ഷിണ കൊറിയയെ ‘ഏറ്റവും ശത്രുതാപരമായ രാജ്യം’ എന്ന് മുൻപ് വിശേഷിപ്പിച്ചിരുന്ന ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടായ ഈ നിലപാട് മാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.



