28.8 C
Saudi Arabia
Wednesday, April 22, 2026
spot_img

ജുബൈൽ ഇന്ത്യൻ സ്കൂളിന് നൂറുമേനി വിജയത്തിനൊപ്പം ‘സെഞ്ചുറി’ യിലും നേട്ടം.

ജുബൈൽ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയത്തിന് പുറമെ, വിവിധ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിലും മികച്ച നേട്ടം കൈവരിച്ച് അൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ. സ്കൂളിലെ 16 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിലായി 20 മുഴുവൻ മാർക്കും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി.

ഗണിതം, ശാസ്ത്രം, സാമൂഹ്യപാഠം എന്നിവയ്‌ക്കൊപ്പം ഭാഷാ വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഏഴുപേർ നൂറ് മാർക്ക് നേടിയ അറബിക് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പേരുള്ളത്. ഗണിതത്തിൽ ആറു പേർ ഈ നേട്ടം കൈവരിച്ചപ്പോൾ സാമൂഹ്യപാഠം,ഹിന്ദി, ഉറുദു, ശാസ്ത്രം എന്നീ വിഷയങ്ങളിൽ രണ്ട് വിദ്യാർത്ഥികൾ വീതം നൂറിൽ നൂറിന് അർഹരായി.

​99.2 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായ മഹ്‌വിഷ് തസ്‌മീൻ ഗണിതം, സോഷ്യൽ സയൻസ്, ഹിന്ദി എന്നീ മൂന്ന് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 99 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം നേടിയ റിദ മറിയവും സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി എന്നീ മൂന്ന് വിഷയങ്ങളിൽ നൂറു ശതമാനം മാർക്ക് കരസ്ഥമാക്കി. ആദ്യ മൂന്ന് റാങ്കുകളിൽ ഇടം പിടിച്ചില്ലെങ്കിലും ഗണിതം, അറബിക് എന്നീ രണ്ട് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി നൗഷീൻ മുഹമ്മദ് യൂനുസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

​അറബിക് വിഭാഗത്തിൽ നൗഷീൻ മുഹമ്മദിനെ കൂടാതെ മാസിൻ മുഹമ്മദ് കൊഴുക്കൽ, ജസ നസീമ അമീൻ, അമേലിയ സൗദ, സാദ് അബ്ദുറഹ്മാൻ, മറിയം നിസാറുദ്ദീൻ, നുസൈബ സാദിഖ് അലി എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്. ഗണിതത്തിൽ മഹ്‌വിഷ് തസ്‌മീൻ, നൗഷീൻ മുഹമ്മദ് യൂനുസ്, കരംചെട്ടി പ്രണയ്, അബ്ദുൽ റഹ്മാൻ, ധ്രുവി ദിനേഷ് പാണ്ഡെ, സിയ ഇമ്രാൻ പട്ടേൽ എന്നിവർ സെഞ്ച്വറി തികച്ചു. ഹിന്ദിയിലും സോഷ്യൽ സയൻസിലും ഒന്നും രണ്ടും റാങ്ക് ജേതാക്കൾ നേട്ടം ആവർത്തിച്ചപ്പോൾ, ഉറുദുവിൽ ആയിഷ അബുലാഷ്, റയ്യാൻ അൻവർ എന്നിവരും നൂറ് മാർക്കിന്റെ ഉടമകളായി. സയൻസിൽ റിദയ്ക്കൊപ്പം ജസ്വന്ത് മണി സെൽവനും നൂറിൽ നൂറ് മാർക്ക് സ്വന്തമാക്കി സ്കൂളിന്റെ വിജയാഘോഷത്തിന് തിളക്കമേകി.

Related Articles

- Advertisement -spot_img

Latest Articles