ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനം വിപുലവും വർണ്ണാഭവുമായ പരിപാടികളോടെ ആഘോഷിച്ച് ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ കൊണ്ടോട്ടി സെന്റർ. കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികളാണ് ആഘോഷ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തത്. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചും ഇരു രാജ്യങ്ങളുടെയും പതാകകൾ വീശിയും മധുരം വിതരണം ചെയ്തും പ്രവാസികൾ തങ്ങൾ വസിക്കുന്ന നാടിനോടുള്ള അടങ്ങാത്ത സ്നേഹവും ഊഷ്മളമായ ബന്ധവും പങ്കുവെച്ചു.
ചടങ്ങിൽ പങ്കെടുത്തവർ ആധുനിക സൗദി അറേബ്യയുടെ വികസന ശില്പികൾക്കും ഭരണാധികാരികൾക്കും ആശംസകൾ നേരുകയും രാജ്യത്തിന്റെ ശാന്തിക്കും ഐശ്വര്യത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്തു. സൗദി ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഒരുമ ജനറൽ സെക്രട്ടറി സലീം മധുവായി, ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷിതമായ ജീവിതവും അഭയവും നൽകിയ ഈ മഹത്തായ രാജ്യത്തോട് ഓരോ വിദേശിയും എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.
ഗഫൂർ ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ടി. ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, ഇർഷാദ് കളത്തിങ്ങൾ, ജംഷി കടവണ്ടി, ജംഷി ബാവ കാരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആഘോഷ പരിപാടികളുടെ വിജയത്തിനായി നംഷീർ കൊണ്ടോട്ടി, അഷ്‌റഫ് കൊട്ടേൽസ്, ഹിദായത്ത്, ഇസ്‌മായിൽ നെടിയിരുപ്പ്, എ.ടി. നസ്‌റുതങ്ങൾ, മധുവായി റഫീഖ്, എ.ടി. റഫീഖലി തങ്ങൾ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ റഹ്‌മത്ത്അലി എരഞ്ഞിക്കൽ സ്വാഗതവും കബീർ നീറാട് നന്ദിയും രേഖപ്പെടുത്തി.



