കൊച്ചി: ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AITC) കേരള ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സുപ്രധാനമായ ഈ രാഷ്ട്രീയ തീരുമാനമുണ്ടായത്. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഇനി മുതൽ തൃണമൂൽ കോൺഗ്രസ് എന്ന പേരിൽ സംസ്ഥാനത്ത് പ്രവർത്തിക്കേണ്ടതില്ലെന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായും എ.ഐ.ടി.സി ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും നേതൃത്വം അറിയിച്ചു.
കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മതേതര – ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതിയൊരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനാണ് യോഗത്തിലെ തീരുമാനം. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകളോട് സമരസപ്പെടുന്ന ആശയ ഘടനയാകും പുതിയ പാർട്ടിക്കുണ്ടാവുക. എല്ലാ ജില്ലാ കമ്മിറ്റികളുടെയും പൂർണ്ണ പിന്തുണയോടെ രൂപീകരിക്കുന്ന ഈ പുതിയ രാഷ്ട്രീയ സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് രണ്ടാം വാരത്തോടുകൂടി ഉണ്ടാകുമെന്നും തുടർന്ന് സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.



