റാഞ്ചി: ഛത്തീസ്ഗഢിലെ നാരായൺപൂരിൽ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. നാരായൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുരാസഗഢ് ഗ്രാമത്തിന് സമീപത്തെ രതൻപഹ്ലി വനത്തിലാണ് അപകടം നടന്നത്. ഒറ്റ എഞ്ചിനുള്ള ചെറിയ പ്രൊപ്പല്ലർ വിമാനമാണ് തകർന്നു വീണതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ മരിച്ച പൈലറ്റുമാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഭൂനിരപ്പിൽ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം വനത്തിലെ മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് തൊട്ടുമുമ്പ് വിമാനം മരങ്ങൾക്ക് തൊട്ടുമുകളിലൂടെ അസാധാരണമാംവിധം താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തക സംഘം അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വിമാനാപകടം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് വ്യക്തത വരുമെന്നും അധികൃതർ അറിയിച്ചു.



