ടെഹ്റാൻ: അമേരിക്കയുമായി സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനും ഉപരോധത്തിലായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിനുമായി കടുത്ത ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. സെപ്റ്റംബറിൽ ഇറാൻ സുരക്ഷാ തലവൻ മൊഹ്സൻ റെസായി ആദ്യമായി സൂചന നൽകിയ ഈ നിബന്ധനകളുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് പുറത്തുവിട്ടത്. വാഷിംഗ്ടൺ ഈ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ സമാധാന ചർച്ചകൾ സാധ്യമല്ലെന്ന നിലപാടിലാണ് ടെഹ്റാൻ.
ഇറാൻ മുന്നോട്ടുവെച്ച പ്രധാന നിബന്ധനകൾ താഴെ പറയുന്നവയാണ്:
- കഴിഞ്ഞ ജൂലൈയിൽ ‘ഇസ്ലാമാബാദ് ധാരണാപത്രം’ (MoU) തകർന്നതിനെ തുടർന്ന് അമേരിക്ക ഇറാനുമേൽ അടിച്ചേൽപ്പിച്ച ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുക.
- പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുക.
- ധാരണാപത്രത്തിന്റെ ഭാഗമായി ജൂൺ മാസത്തിൽ ഇറാനിയൻ എണ്ണ വ്യാപാരത്തിന് നൽകിയ ഇളവുകൾ പുനഃസ്ഥാപിക്കുക.
- ഖത്തറിലുള്ളവ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചു വെച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക ഫണ്ടുകൾ പൂർണ്ണമായും വിട്ടുകൊടുക്കുക.
- ഹോർമുസ് കടലിടുക്കിൽ ഇറാനും ഒമാനും ചേർന്ന് പുതുതായി നിശ്ചയിച്ച കപ്പൽ ഗതാഗത പാത ഔദ്യോഗികമായി അംഗീകരിക്കുകയും മറ്റു പാതകൾ അടയ്ക്കുകയും ചെയ്യുക.
- മേഖലയിലെ എല്ലാ മുന്നണികളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക; പ്രത്യേകിച്ച് ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെപ്പിക്കുക.
- ഇറാന്റെ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധവും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളും അവസാനിപ്പിക്കുക.
വാഷിംഗ്ടൺ ഈ വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ ചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് വ്യക്തമാക്കിയ ഇറാൻ, ഭീഷണികളിലൂടെ തങ്ങളെ വഴക്കാനാവില്ലെന്നും മുന്നറിയിപ്പ് നൽകി.



