മലപ്പുറം: മലപ്പുറം വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ബയോടെക്നോളജി വിഭാഗം വിദ്യാർഥിനിയും തിരൂർ പറവണ്ണ സ്വദേശിനിയുമായ ഷെഫീഖയാണ് മരണപ്പെട്ടത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനീയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
പ്രസന്റേഷൻ നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ഷെഫീഖയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ പഠനകാര്യങ്ങളിൽ മികവ് പുലർത്തിയിരുന്ന ഷെഫീഖയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരി ക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



