ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: അമേരിക്കൻ ‘പ്രൊജക്റ്റ് ഫ്രീഡ’ത്തിന് ഗൾഫിൽ കനത്ത മറുപടി

ദുബൈ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാൻ അമേരിക്ക ‘പ്രൊജക്റ്റ് ഫ്രീഡം’ ആരംഭിച്ചതിന് പിന്നാലെ, ഗൾഫ് മേഖലയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ശക്തമാക്കി. യുഎഇയിലെ ഫുജൈറയിലുണ്ടായ ഡ്രോൺ ആക്രമണം ഇതിന്റെ ഭാഗമാണെന്ന് ദുബായിലെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയോ ഇസ്രായേലോ ആക്രമണം നടത്തുമ്പോൾ ഗൾഫിലെ എണ്ണ-ഗ്യാസ് നിലയങ്ങളെ ലക്ഷ്യം വെക്കുക എന്ന ഇറാന്റെ പതിവ് തന്ത്രമാണ് ഇവിടെയും അരങ്ങേറുന്നത്. യുഎഇയുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് ഫുജൈറ.

ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ മിസൈൽ വിനാശിനികൾ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന നീക്കം വെടിനിർത്തൽ കരാറിന്റെ ലംഘനമായാണ് ഇറാൻ കണക്കാക്കുന്നത്. ഇതിനുള്ള പ്രതികരണമെന്ന നിലയിലാണ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയും യുഎഇയിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ കയറ്റുമതി തടസ്സപ്പെടുത്തുന്നതിലൂടെ ആഗോള തലത്തിൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. മേഖലയിൽ പുകയുന്ന ഈ പ്രതിസന്ധി ആഗോള എണ്ണ വിപണിയെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

Related Articles

- Advertisement -spot_img

Latest Articles