ടെഹ്‌റാൻ: ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ ഇറാൻ റെവല്യൂഷണറി ഗാർഡിനെയോ മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെയോ അമേരിക്ക അപമാനിക്കില്ലെന്ന് ഫിഫ ഉറപ്പുനൽകണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി മെഹ്ദി താജ് ആവശ്യപ്പെട്ടു. ലോകകപ്പിന് യോഗ്യത നേടിയ ടീം എന്ന നിലയിൽ തങ്ങൾ ഫിഫയുടെ അതിഥികളായാണ് അവിടെയെത്തുന്നതെന്നും, അല്ലാതെ അമേരിക്കയുടെയോ ട്രംപിന്റെയോ അതിഥികളായല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ സ്വീകരിക്കുന്നുണ്ടെങ്കിൽ തങ്ങളുടെ സൈനിക ചിഹ്നങ്ങളെയും വ്യവസ്ഥിതിയെയും ബഹുമാനിക്കാൻ സംഘാടകർ ബാധ്യസ്ഥരാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിൽ മെഹ്ദി താജ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഇറാനിയൻ ഫുട്ബോൾ പ്രതിനിധി സംഘത്തിന് കാനഡയിൽ ഉണ്ടായ മോശം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. കാനഡയിലേക്ക് തിരിച്ച പ്രതിനിധി സംഘത്തെ വിമാനത്താവളത്തിൽ വെച്ച് അപമാനിച്ചതായും വിസ റദ്ദാക്കിയതായും ഇറാൻ ആരോപിച്ചിരുന്നു. മെഹ്ദി താജിന് റെവല്യൂഷണറി ഗാർഡുമായുള്ള ബന്ധം കാരണമാണ് വിസ റദ്ദാക്കിയതെന്ന് കനേഡിയൻ അധികൃതർ പിന്നീട് വ്യക്തമാക്കി. അമേരിക്കയും കാനഡയും ഐ.ആർ.ജി.സിയെ ‘ഭീകര സംഘടന’യായാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ ഫിഫ സെക്രട്ടറി ജനറൽ മത്യാസ് ഗ്രാഫ്സ്ട്രോം ഖേദം പ്രകടിപ്പിക്കുകയും ലോകകപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇറാൻ സംഘത്തെ സൂറിച്ചിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. ലോസ് ആഞ്ചലസിൽ രണ്ടും സിയാറ്റിലിൽ ഒന്നും വീതം ഗ്രൂപ്പ് മത്സരങ്ങളാണ് ഇറാന് കളിക്കാനുള്ളത്. കാനഡയിൽ ഉണ്ടായതുപോലുള്ള പ്രകോപനപരമായ നടപടികൾ അമേരിക്കയിൽ ആവർത്തിക്കാതിരിക്കാൻ ഫിഫ ഗ്യാരണ്ടി നൽകണമെന്നും ഈ വിഷയത്തിൽ ഗൗരവമായ ഇടപെടൽ വേണമെന്നുമാണ് ഇറാൻ്റെ നിലപാട്.



