അഹങ്കാരത്തിന് ജനം നൽകിയ മറുപടി; യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി ഒഐസിസി അൽ-ഖോബാർ

അൽ-ഖോബാർ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) കൈവരിച്ച ഐതിഹാസിക വിജയം ആഘോഷമാക്കി  അൽ-ഖോബാർ ഏരിയ കമ്മിറ്റി. ഗൾഫ് ദർബാർ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ പ്രവർത്തകരും നേതാക്കളും  ആവേശത്തോടെ പങ്കെടുത്തു.

കൃത്യമായ ഗൃഹപാഠത്തോടും വ്യക്തമായ തന്ത്രങ്ങളോടും കൂടിയുള്ള ചിട്ടയായ പ്രവർത്തനമാണ് സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫിനെ എത്തിച്ചതെന്ന് യോഗം വിലയിരുത്തി. കേരളത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയ അടിമത്വത്തിനും ഇടത് സർക്കാരിന്റെ ദാർഷ്ട്യത്തിനും അഹങ്കാരത്തിനും എതിരെ കേരള ജനത നൽകിയ ശക്തമായ തിരിച്ചടിയാണ്  തിരഞ്ഞെടുപ്പ് ഫലമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജനവിരുദ്ധ നയങ്ങളെ പിഴുതെറിഞ്ഞ് ജനാധിപത്യം വീണ്ടെടുത്തതിന്റെ സന്തോഷം കേക്ക് മുറിച്ചാണ് പ്രവർത്തകർ പങ്കിട്ടത്.


ഒഐസിസി അൽ-ഖോബാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ച യോഗം ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് നൗഷാദ് താഴവ ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ജോൺ കോശി, പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംസ് കൊല്ലം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഖോബാർ കമ്മിറ്റി ഭാരവാഹികളായ റെജീബ് നെടുമങ്ങാട്, സാജിദ് പാറമ്മൽ, സെക്രട്ടറി ഷിബിൻ ആറ്റുവ, മുതിർന്ന അംഗം അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു. കോയ സുബൈർ, പി. സക്കീർ, കബീർ, ഷബീർ, ജാഫറലി, റമീഷ് റഷീദ് എന്നിവർ  ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുബൈർ പാറക്കൽ സ്വാഗതവും ട്രഷറർ ഷൈൻ കരുനാഗപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles