ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ (തിരുത്തൽ നടപടികൾക്കായി ശബ്ദമുയർത്തി സി.പി.ഐ. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്നും അത് പാർട്ടിക്ക് ലഭിക്കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽ നിന്ന് തന്നെയാകണമെന്ന നിർബന്ധം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇല്ലെന്നും നിലവിലുള്ള ചില കീഴ്വഴക്കങ്ങൾ മാറേണ്ട സമയമായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണഘടനാപരമായി ഇങ്ങനെയൊരു പദവി ഇല്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് നിലനിൽക്കുന്നുണ്ടെന്നും ഇത്തവണ അത് സി.പി.ഐക്ക് നൽകണമെന്നുമാണ് പാർട്ടിയുടെ നിലപാട്.
കമ്യൂണിസ്റ്റ് പാർട്ടികളിൽ വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലെന്നും അതൊരു നയമായി ഉൾക്കൊള്ളാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൽ.ഡി.എഫ് ഭരണകാലത്ത് വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ തെറ്റാണെന്നും തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്ന് പാഠങ്ങൾ പഠിച്ച് പാർട്ടി തിരിച്ചുവരുമെന്ന് പറഞ്ഞ അദ്ദേഹം, സി.പി.എമ്മിൽ നിന്നും സി.പി.ഐയിൽ നിന്നും പ്രവർത്തകർ വലതുപക്ഷത്തേക്കും ബി.ജെ.പിയിലേക്കും ചേക്കേറിയതിനെ ഗൗരവകരമായ മുന്നറിയിപ്പായിട്ടാണ് കാണുന്നത്. സി.പി.എമ്മിൽ നിന്ന് രാജിവെച്ചു പോയ മൂന്നു പേർ വിജയിച്ചതും സി.പി.ഐയിൽ നിന്ന് രണ്ടുപേർ ബി.ജെ.പിയിൽ ചേർന്നതും വരാനിരിക്കുന്ന വലിയ അപകടത്തിന്റെ സൂചനയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
പാർട്ടി വിട്ടുപോയവരെ ‘വർഗ വഞ്ചകർ’ എന്ന് വിശേഷിപ്പിച്ച ബിനോയ് വിശ്വം, പരാജയങ്ങളിൽ തളർന്ന് നിലവിളിക്കാനല്ല, മറിച്ച് വീഴ്ചകൾ കണ്ടെത്തി തിരുത്താനാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കേണ്ടതെന്ന് പറഞ്ഞു. ശത്രുക്കളുടെ വാദങ്ങൾ ഏറ്റുപിടിക്കാതെ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിൽ എൽ.ഡി.എഫ് അല്ലാതെ മറ്റൊരു പോംവഴിയില്ലെന്നും മുന്നണിയിലെ പാളിച്ചകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആകെ 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതിൽ സി.പി.എമ്മിന് 26-ഉം സി.പി.ഐക്ക് എട്ടും സീറ്റുകളാണുള്ളത്. ഈ സാഹചര്യത്തിൽ രണ്ടാം വലിയ കക്ഷിയെന്ന നിലയിലാണ് സി.പി.ഐ ഉപനേതൃസ്ഥാനത്തിനായി രംഗത്തെത്തിയത്.



