ഹോർമുസിലെ പുകയും മോദിയുടെ ‘ചെലവുചുരുക്കലും’; വിപണി തകർന്നു, നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി തുടരുന്നതും ആഗോള വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ ഓഹരി വിപണിയെ വൻ തകർച്ചയിലേക്ക് നയിച്ചു. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1000 പോയിന്റിലധികം ഇടിഞ്ഞ് 76,311.57 നിലവാരത്തിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 297 പോയിന്റ് നഷ്ടത്തിൽ 23,879.15 ലുമാണ് വ്യാപാരം തുടരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നതും, ഇതിന് പിന്നാലെ സ്വർണം, പെട്രോൾ, ഡീസൽ തുടങ്ങിയ ഇറക്കുമതി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവുമാണ് വിപണിക്ക് പെട്ടെന്നുള്ള തിരിച്ചടിയായത്.

വിദേശനാണ്യം ലാഭിക്കുന്നതിനായി അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കാനും സ്വർണം, ഭക്ഷ്യ എണ്ണകൾ, രാസവളങ്ങൾ എന്നിവയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ കറന്റ് അക്കൗണ്ട് കമ്മി സംബന്ധിച്ച സർക്കാരിന്റെ ആശങ്കയാണ് വെളിപ്പെടുത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജുവല്ലറി മേഖലയിലെ പ്രമുഖരായ ടൈറ്റന്റെ ഓഹരികൾ 5.6 ശതമാനം ഇടിഞ്ഞു. ബാങ്കിങ്, വ്യോമയാനം തുടങ്ങിയ മേഖലകളിലും കനത്ത വില്പന സമ്മർദ്ദമാണ് അനുഭവപ്പെടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ശതമാനവും, ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷൻ 3.55 ശതമാനവും നഷ്ടം നേരിട്ടു.

മറ്റു പ്രമുഖ ഓഹരികളായ ഭാരതി എയർടെൽ (1.81%), മാരുതി സുസുക്കി (1.73%), ബജാജ് ഓട്ടോ (1.56%), റിലയൻസ് ഇൻഡസ്ട്രീസ് (1%) എന്നിവയും ഇടിവിലാണ്. ബാങ്കിങ് മേഖലയിൽ എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഭ്യന്തര വിപണിയിലെ പുതിയ സാമ്പത്തിക നിയന്ത്രണ നിർദ്ദേശങ്ങളും ചേർന്നുള്ള ഇരട്ട പ്രഹരമാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

 

Related Articles

- Advertisement -spot_img

Latest Articles