ഷാനിമോൾ ഉസ്‌മാൻ ഡെപ്യൂട്ടി സ്‌പീക്കർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് അരൂർ എം.എൽ.എയായ ഷാനിമോൾ ഉസ്മാൻ വിജയിച്ചത്. ഇവരുടെ എതിരാളിയായ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിന് 34 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സ്പീക്കർ ഉൾപ്പെടെ നാല് പേർ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല. സഭയിൽ 102 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഭരണപക്ഷ സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. അതേസമയം, ബി.ജെ.പി വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടുനിന്നു.

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കും സഭയിൽ ഇന്ന് തുടക്കമാകും. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സമകാലിക വിവാദങ്ങൾ ചർച്ചയിൽ ഉടനീളം ഉയർന്നുവരുമെന്നാണ് സൂചനകൾ. പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, വന്ദേമാതരം വിവാദം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷം സഭയിൽ ശ്രമിക്കുക. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാതിരുന്ന സംസ്ഥാന സർക്കാർ, ആർ.എസ്.എസിന് മുന്നിൽ പൂർണമായി വഴിപ്പെട്ടു എന്ന ആരോപണമാകും പ്രതിപക്ഷം പ്രധാനമായും ഉയർത്തുക. എന്നാൽ തൃശൂർ പൂരം കലക്കൽ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷം തീരുമാനിച്ചിരിക്കുന്നത്.

രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷമുള്ള പുതിയ സഭാ സമ്മേളനത്തിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. മറ്റ് അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. നന്ദിപ്രമേയ ചർച്ചയിൽ മറ്റന്നാൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കും. തുടർന്നുണ്ടാകുന്ന സഭാ ചർച്ചകൾക്കെല്ലാം മുഖ്യമന്ത്രി വി.ഡി. സതീശനായിരിക്കും സഭയിൽ മറുപടി നൽകുക.

Related Articles

- Advertisement -spot_img

Latest Articles