കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസ് വൻ പിളർപ്പിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വിമത നേതാക്കൾക്കൊപ്പം അമ്പതോളം തൃണമൂൽ എം.എൽ.എമാർ അണിനിരക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് തൃണമൂൽ കോൺഗ്രസ് നേരിടുന്നത്. അതിനിടെ, പാർട്ടി പിളർത്താൻ മുന്നിൽ നിൽക്കുന്ന മുൻ സി.പി.എം നേതാവ് കൂടിയായ ഋതബ്രത ബാനർജിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മമത ബാനർജി രംഗത്തെത്തി. അന്ന് ഋതബ്രതയെ പുറത്താക്കിയ സി.പി.എം തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും, അയാളെ പാർട്ടിയിലെടുത്ത തങ്ങൾക്ക് വലിയ തെറ്റുപറ്റിയെന്നുമാണ് മമതയുടെ നാടകീയമായ തുറന്നുപറച്ചിൽ.
മുതിർന്ന തൃണമൂൽ നേതാവ് ശോഭൻദേവ് ചട്ടോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണച്ചുകൊണ്ട് നൽകിയ കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ചമച്ചതാണെന്ന് കാണിച്ച് തൃണമൂൽ ജനപ്രതിനിധികളായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും പരാതി നൽകിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ വിവരം വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദം കത്തിയത്. നിലവിൽ ഈ ഒപ്പ് വിവാദത്തിൽ സി.ഐ.ഡി (CID) അന്വേഷണം നടക്കുകയാണ്. ഈ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, പുറത്താക്കപ്പെട്ട നേതാക്കളെ പിന്തുണച്ച് കൊൽക്കത്തയിലെ ഇ.എം ബൈപ്പാസിന് സമീപമുള്ള ഒരു ആഡംബര ഹോട്ടലിൽ വെച്ച് 50 ഓളം തൃണമൂൽ എം.എൽ.എമാർ ഋതബ്രത ബാനർജിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഇത് ബംഗാളിൽ വരാനിരിക്കുന്ന വലിയ രാഷ്ട്രീയ അട്ടിമറിയുടെ സൂചനയാണ്.
പാർട്ടി നേരിടുന്ന ഭീഷണിക്ക് പിന്നാലെ ഋതബ്രത ബാനർജിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് മമത പ്രതികരിച്ചത്. ചതിയനായ ഒരു വ്യക്തി മുൻപ് സി.പി.എമ്മിൽ ഉണ്ടായിരുന്നുവെന്നും, ടിക്കറ്റിനായി തങ്ങളുടെ അടുത്ത് വന്ന് യാചിച്ചപ്പോൾ അയാൾക്ക് സീറ്റ് നൽകിയത് തങ്ങളുടെ ഭാഗത്തുണ്ടായ വലിയ തെറ്റാണെന്നും മമത പറഞ്ഞു. അന്ന് അയാളെ പുറത്താക്കിയ സി.പി.എം തീരുമാനം തികച്ചും ശരിയായിരുന്നുവെന്നും തങ്ങൾ അയാളെ അന്ന് രക്ഷിക്കാൻ നോക്കിയത് തെറ്റായിപ്പോയെന്നും മമത കൂട്ടിച്ചേർത്തു. ഈ വ്യക്തികൾ ഇപ്പോൾ ദിവസവും ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തങ്ങളുടെ പാർട്ടി തകർക്കാൻ പ്രവർത്തിക്കുകയാണെന്നും മമത ബാനർജി തുറന്നടിച്ചു.
മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഋതബ്രത ബാനർജി സി.പി.എമ്മിന്റെ പ്രമുഖനായ യുവനേതാവായിരുന്നു. എന്നാൽ അച്ചടക്ക ലംഘനത്തെ തുടർന്ന് ഒൻപത് വർഷം മുൻപാണ് സി.പി.എം ഇയാളെ പുറത്താക്കിയത്. 2014-ൽ സി.പി.എം ടിക്കറ്റിൽ രാജ്യസഭാംഗമായ അദ്ദേഹത്തെ എം.പിയായിരിക്കെയാണ് 2017-ൽ പാർട്ടി പുറത്താക്കുന്നത്. പിന്നീട് തൃണമൂലിൽ ചേർന്ന ഇയാൾക്ക് മമത വലിയ പരിഗണനയാണ് നൽകിയത്. ആർ.ജി കർ മെഡിക്കൽ കോളേജ് വിവാദത്തെ തുടർന്ന് തൃണമൂൽ നേതാവ് ജവഹർ സിർകാർ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചപ്പോൾ, ബാക്കിവന്ന കാലാവധിയിലേക്ക് തൃണമൂൽ ടിക്കറ്റിൽ ഋതബ്രത ബാനർജിയെ മമത വീണ്ടും രാജ്യസഭയിലെത്തിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി വളർത്തിയ മമതയെയും തൃണമൂലിനെയും തന്നെ ഇപ്പോൾ ഋതബ്രത ബി.ജെ.പി ക്യാമ്പുമായി ചേർന്ന് പിളർത്താൻ നോക്കുന്നു എന്നതാണ് ബംഗാൾ രാഷ്ട്രീയത്തെ ഇപ്പോൾ ചൂടുപിടിപ്പിക്കുന്നത്.



