സര്‍ക്കാര്‍ രൂപീകരണം, എന്‍.ഡി.എ യോഗം ഇന്ന്… പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടാന്‍ നായിഡു

ന്യൂദല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനും സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യുന്നതിനുമായി ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍.ഡി.എ) മുതിര്‍ന്ന നേതാക്കള്‍ ബുധനാഴ്ച വൈകിട്ട് യോഗം ചേരും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും പങ്കെടുക്കുന്ന ചടങ്ങില്‍ ബി.ജെ.പിയുടെയും മറ്റ് സഖ്യകക്ഷികളുടെയും ഉന്നത നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൂന്നാം ടേമില്‍ അവര്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും പുതിയ സര്‍ക്കാരിന്റെ ഘടനയെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. ബി.ജെ.പിയുടെ സഖ്യകക്ഷികളുടെ കൂടുതല്‍ പങ്കാളിത്തത്തോടെയാകും സര്‍ക്കാര്‍.

നിതീഷും നായിഡുവും ബി.ജെ.പിയില്‍ സമ്മര്‍ദം ശക്തമാക്കുമെന്നാണ് സൂചനകള്‍. പ്രധാന വകുപ്പുകള്‍ അവര്‍ ആവശ്യപ്പെടും. എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനവും നായിഡുവിന്റെ ലക്ഷ്യമാണ്. ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യവും ചര്‍ച്ചയാകും.

293 ലോക്സഭാ സീറ്റുകള്‍ നേടിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ മൂന്നാം തവണയും അധികാരത്തിലെത്തുന്നത്. 240 സീറ്റുകളുള്ള ബി.ജെ.പിക്ക് 543-ല്‍ 272 എന്ന കേവല ഭൂരിപക്ഷത്തിലെത്താനായില്ല. അതേസമയം, യുപിയില്‍ സമാജ്വാദി പാര്‍ട്ടിയുടെയും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യാ ബ്ലോക്ക് 233 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 99 സീറ്റുകളാണുള്ളത്.

Related Articles

- Advertisement -spot_img

Latest Articles