തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വധിക്കുമെന്ന് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് തുടർച്ചയായി ഭീഷണിപ്പെടുത്തിയ പ്രതിയെ പോലീസ് അതിവേഗം പിടികൂടി. ആറ്റിങ്ങൽ വാളക്കാട് സ്വദേശി ചരുവിള വീട്ടിൽ സോണി തോമസ് (38) ആണ് കന്റോൺമെന്റ് പോലീസും സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വലയിലായത്. വെള്ളിയാഴ്ച വൈകുന്നേരം 6:50 ഓടെ തിരുവനന്തപുരം സിറ്റി ഡിസ്ട്രിക്ട് പോലീസ് കമാൻഡിങ് സെന്ററിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് വിളിച്ച് ഇയാൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ആവർത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് കാര്യമാരാഞ്ഞപ്പോൾ തനിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ ഇഷ്ടമല്ലെന്നായിരുന്നു ഇയാളുടെ മറുപടി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊലപ്പെടുത്തി മാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രശസ്തനാകാനാണ് താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് മറ്റൊരു ജനപ്രതിനിധിക്ക് നേരെയും ഇതേ ദിവസം വധഭീഷണി ഉയർന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ സ്വതന്ത്ര എം.എൽ.എ ടി.കെ. ഗോവിന്ദന് നേരെയാണ് അജ്ഞാതൻ ഫോണിലൂടെ കൊലവിളി നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എം.എൽ.എയുടെ ഫോണിലേക്ക് വിളിച്ച പ്രതി, “ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും” എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പുറമെ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഇയാൾ കടുത്ത ഭാഷയിൽ അസഭ്യം പറയുകയും ചെയ്തു.
സംഭവത്തിൽ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സി.പി.എം സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച ടി.കെ. ഗോവിന്ദൻ, യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് സി.പി.എമ്മിന്റെ കോട്ടയിൽ അട്ടിമറി വിജയം നേടിയത്. രാഷ്ട്രീയ പ്രാധാന്യമുള്ള ഈ കേസിൽ പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.



