കോഴിക്കോട്: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ജനകീയ ക്യാമ്പയിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ലഹരിമുക്ത കേരളം ലക്ഷ്യമിട്ടുള്ള ഈ വിപുലമായ പോരാട്ടത്തിന്റെ ഭാഗമായി കാന്തപുരത്തെ ഔദ്യോഗികമായി ‘തൂഫാൻ വാരിയർ’ ആയി പ്രഖ്യാപിച്ചു. കോഴിക്കോട് കാരന്തൂർ മർകസിലെ കാന്തപുരത്തിന്റെ വസതിയിലെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ദേഹത്തിന് ‘തൂഫാൻ വാരിയർ’ ബാഡ്ജ് ധരിപ്പിച്ചു. നടൻ മോഹൻലാലിന് പിന്നാലെ കേരളത്തിലെ പ്രമുഖ മത-സാമുദായിക നേതാക്കൾ കൂടി ലഹരിക്കെതിരെയുള്ള ഈ ബൃഹത് പദ്ധതിയുടെ മുൻനിരയിലേക്ക് എത്തിയത് ക്യാമ്പയിന് വലിയ ജനപിന്തുണയാണ് നേടിക്കൊടുക്കുന്നത്. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും മന്ത്രി സന്ദർശിച്ച് തൂഫാൻ വാരിയർ ബാഡ്ജ് കൈമാറിയിട്ടുണ്ട്.
ലഹരി നിർമാർജനത്തിനായി സർക്കാർ നടത്തുന്ന ഇത്തരം ശക്തമായ ഇടപെടലുകൾ തികച്ചും സ്വാഗതാർഹമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചു. വരും ദിവസങ്ങളിൽ പള്ളികളിലടക്കം ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശങ്ങൾ വിശ്വാസികളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് സംഘടനയുമായി ചേർന്ന് ആലോചിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജാതി-മത ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകണമെന്നും, ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമാക്കാൻ എല്ലാവരെയും ഈ പോരാട്ടത്തിലെ വാരിയർമാരാക്കി മാറ്റണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.
ലഹരി വ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ഇതിനകം വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതി ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാന വ്യാപകമായി 15 കോടിയിലധികം രൂപയുടെ നിരോധിച്ച ലഹരിവസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടുന്ന ‘തൂഫാൻ സ്ട്രൈക്സ്’, പൊതുജനങ്ങളെ പങ്കാളികളാക്കുന്ന ‘തൂഫാൻ വാരിയേഴ്സ്’, പുനരധിവാസം ലക്ഷ്യമിടുന്ന ‘തൂഫാൻ കെയർ’ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ സ്കൂളുകളിൽ തൂഫാൻ പതാക ഉയർത്തുകയും വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യും. ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ ബോധവൽക്കരണം കേരളത്തെ ലഹരിയുടെ പിടിയിൽ നിന്ന് പൂർണ്ണമായി മോചിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



