ആഫ്രിക്കയിൽ എബോള പടരുന്നു: മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശന വിലക്ക്; വിസകളും താൽക്കാലികമായി റദ്ദാക്കി

റിയാദ്: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എബോള വൈറസ് ബാധ വീണ്ടും പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, മുൻകരുതൽ ആരോഗ്യ നടപടികളുടെ ഭാഗമായി മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള ആരെയും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.

വിലക്ക് ഏർപ്പെടുത്തിയ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ സൗദിയിൽ എത്തുന്നതിന് 21 ദിവസത്തിനുള്ളിൽ താമസിക്കുകയോ, മറ്റൊരു രാജ്യം വഴി (Third Country) ട്രാൻസിറ്റായി യാത്ര ചെയ്യുകയോ ചെയ്തവർക്ക് എല്ലാത്തരം എൻട്രി വിസകൾ അനുവദിക്കുന്നതും അധികൃതർ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ എബോള ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, കോംഗോ-ബ്രാസാവില്ല എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിലും അതിർത്തികളിലും കർശനമായ പ്രതിരോധ പരിശോധനകളും രോഗ നിരീക്ഷണ സംവിധാനങ്ങളും സൗദി ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 2019-ന് ശേഷം രാജ്യത്ത് എവിടെയും എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അതോറിറ്റി ഉറപ്പുനൽകി.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1976-ൽ കോംഗോയിലാണ് ആദ്യമായി എബോള വൈറസ് കണ്ടെത്തുന്നത്. ബാധിച്ചവരിൽ ഏകദേശം 50 ശതമാനത്തോളം മരണസാധ്യതയുള്ള ഈ മാരക വൈറസ് ഇതുവരെ 15,000-ത്തോളം ആളുകളുടെ ജീവനെടുത്തിട്ടുണ്ട്. ഇതിനിടയിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മാനുഷിക പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയ ഫ്രഞ്ച് സ്വദേശിയായ ഒരു ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് വ്യക്തമാക്കിയത് യൂറോപ്പിലും ആശങ്ക കൂട്ടിയിട്ടുണ്ട്. ഇദ്ദേഹത്തെ നിലവിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles