ദമ്മാമിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന് കണ്ടിവളപ്പിൽ ലക്ഷ്മണൻ-കനകലത ദമ്പതികളുടെ മകൻ ശ്രീലേഷ് (42) എന്നിവരാണ് ദമ്മാമിൽ വെച്ച് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടോടെ ദഹ്റാൻ-ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ദമ്മാമിൽ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു സജീം. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട ശ്രീലേഷ്.

റാസ്തന്നൂറയിൽ നിന്നും ജോലി ആവശ്യങ്ങൾ കഴിഞ്ഞ് ദമ്മാമിലേക്ക് കാറിൽ മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് ഒരു സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ മാരകമായ ആഘാതത്തിൽ നിയന്ത്രണം വിട്ടു തെറിച്ചുപോയ ഇവരുടെ കാർ ഹൈവേയിൽ പലതവണ മറിഞ്ഞ് റോഡരികിലെ വലിയ താഴ്ചയിലേക്ക് പതിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ സജീമും ശ്രീലേഷും രക്തത്തിൽ കുളിച്ച നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഏറെ പ്രയത്നിച്ചാണ് പോലീസ് പട്രോളിംഗ് സംഘവും രക്ഷാപ്രവർത്തകരും ഇവരെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്. എന്നാൽ അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാർന്ന് സജീം മരണപ്പെട്ടിരുന്നു. ജീവന്റെ നേരിയ ലക്ഷണങ്ങൾ ബാക്കിയുണ്ടായിരുന്ന ശ്രീലേഷിനെ ഉടനടി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല. രാത്രി വൈകിയിട്ടും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒന്നോടെ സുഹൃത്തുക്കൾ ഇവരുടെ മൊബൈൽ ഫോണിലേക്ക് നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഈ സമയത്ത് ഫോൺ എടുത്ത ഖത്വീഫ് പോലീസാണ് ഇരുവരും അപകടത്തിൽപ്പെട്ട വിവരം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഔദ്യോഗികമായി അറിയിച്ചത്. മൃതദേഹങ്ങൾ നിലവിൽ ഖത്വീഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles