റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) 2025–2026 വർഷത്തേക്കായി പ്രഖ്യാപിച്ച ‘ഭൂമിയിലെ മാലാഖമാർ’ മദർ തെരേസ കർമ്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജി.സി.സി രാജ്യങ്ങളിൽ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന 15 കർമ്മനിരതരായ നഴ്‌സുമാർക്കാണ് ഇത്തവണ അവാർഡ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ആറുപേർ സൗദി അറേബ്യയിൽ നിന്നുള്ളവരും ഒമ്പത് പേർ മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. സൗദി അറേബ്യയിൽ നിന്നും അർഹരായ ആറു നഴ്‌സുമാർക്കുള്ള പുരസ്കാരദാന ചടങ്ങ് 2026 ജൂൺ 26 വെള്ളിയാഴ്ച റിയാദിലെ ഷോല മാളിലുള്ള വഫ ഹൈപ്പർമാർക്കറ്റ് ഹാളിൽ വെച്ച് പ്രൗഢമായി നടന്നു.
സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച നഴ്‌സുമാരുടെ നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് മദർ തെരേസ കർമ്മ പുരസ്കാരം നൽകി ചടങ്ങിൽ അവരെ ആദരിക്കുകയുണ്ടായി. സൗദി അറേബ്യയിലും നാട്ടിലുമായി വിവിധ മേഖലകളിൽ കർമ്മനിരതരായി സേവനമനുഷ്ഠിച്ചവരെയാണ് അവാർഡിനായി തെരഞ്ഞെടുത്തത്. മക്ക മേഖലകളിൽ മികച്ച രീതിയിൽ ഹജ്ജ് വെൽഫെയർ, ഹജ്ജ് സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച മുഹമ്മദ് ഷാ, കേരളത്തിൽ പാലിയേറ്റീവ് കെയർ രംഗത്ത് അനാഥർക്കും രോഗികൾക്കും ആശ്രയമേകാൻ ശമ്പളം പോലും വാങ്ങാതെ പ്രവർത്തിക്കുകയും നിലവിൽ നജ്റാനിൽ തന്റെ മാനുഷികമായ നഴ്സിംഗ് സേവനം തുടരുകയും ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരാണ് ഈ പുരസ്കാരത്തിന് അർഹരായത്.
ജി.എം.എഫ് ഗ്ലോബൽ ഫൗണ്ടർ ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ സൗദി എഴുത്തുകാരനും മുൻ സൗദി മൊബൈൽ പ്രതിനിധിയുമായ മുബാറക്ക് ഖലീഫ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിലെയും സാംസ്കാരിക രംഗത്തെയും നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ജി.എം.എഫ് ജി.സി.സി പ്രസിഡന്റ് അമ്പലായി, സൗദിയിലെ പ്രമുഖ ഗായകൻ അഹമ്മദ് സുൽത്താൻ, ജി.എം.എഫ് ജി.സി.സി മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, വഫ മാനേജിംഗ് ഡയറക്ടർ നാസർ, ജി.എം.എഫ് വനിതാ ജി.സി.സി കോർഡിനേറ്റർ കമർബാനു വലിയകത്ത്, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ സാന്നിധ്യമറിയിച്ചു. ഇവർക്കൊപ്പം ജി.എം.എഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ഹരികൃഷ്ണൻ കണ്ണൂർ, ജി.എം.എഫ് റിയാദ് കമ്മിറ്റി രക്ഷാധികാരി ഡോ. ജയചന്ദ്രൻ, ജി.എം.എഫ് നജ്റാൻ പ്രതിനിധി റഷീദ്, റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ സജീർ പെരുംകുളം, ടോം സി. മാത്യു, സനിൽകുമാർ ഹരിപ്പാട്, സലിം കളക്കര തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.



