പി.എസ്.സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). പരീക്ഷാ നടത്തിപ്പിലും വഴിവിട്ട നിയമനങ്ങളിലും പി.എസ്.സിയിലെ ഉന്നതരുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. ആസൂത്രണ ബോർഡ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.എസ്.സിയിലെ ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നീ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എസ്‌.ഐ.ടി രേഖപ്പെടുത്തി.

മൂല്യനിർണ്ണയത്തിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് വ്യക്തത വരുത്താനാണ് നിലവിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ഉന്നതരുടെ മൊഴിയെടുക്കേണ്ടതുണ്ടെങ്കിലും നിലവിലെ പ്രാഥമിക അന്വേഷണ പരിധിയിൽ ഇത് പൂർണ്ണമായി സാധ്യമല്ലെന്നാണ് എസ്‌.ഐ.ടിയുടെ നിലപാട്. അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് സമഗ്ര അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. ഇതിനിടെ, ദിവസേന പുതിയ പരാതികളും തെളിവുകളും ലഭിക്കുന്നത് എസ്‌.ഐ.ടിക്ക് മുന്നിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടന്ന മിക്ക പരീക്ഷകളിലും സമാന രീതിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന തരത്തിലുള്ള ഗുരുതര പരാതികളാണ് ലഭിക്കുന്നത്.

നിലവിൽ മൂന്ന് വകുപ്പുകളുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണസംഘം തിങ്കളാഴ്ച തങ്ങളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. കൂടാതെ, പി.എസ്.സി ആഭ്യന്തര വിജിലൻസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം വിശദമായി പരിഗണിക്കും.

 

Related Articles

- Advertisement -spot_img

Latest Articles