നബ്ലുസ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ (Settlers) അക്രമങ്ങൾ അതിരൂക്ഷമായി തുടരുന്നതിനിടെ, മേഖലയിലുടനീളം വൻ റെയ്ഡുകളും വ്യാപക അറസ്റ്റും നടത്തി ഇസ്രായേൽ സൈന്യം. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസ്, കൽഖില്യ, ഹെബ്രോൺ, റാമല്ല തുടങ്ങി വെസ്റ്റ് ബാങ്കിലെ വിവിധ നഗരങ്ങളിൽ നടത്തിയ കടുത്ത റെയ്ഡിൽ ഒരു വനിതയും മുൻ തടവുകാരും ഉൾപ്പെടെ നാപ്പതോളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. വൻ സൈനിക സന്നാഹത്തോടെ നഗരത്തിൽ അപ്രതീക്ഷിത പരിശോധന നടത്തിയ ഇസ്രായേൽ ഉദ്യോഗസ്ഥർ ഒന്നിലേറെ വീടുകൾ വളഞ്ഞ് പ്രദേശവാസികളെ തടഞ്ഞുവെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ജനവാസ മേഖലകളിൽ ഭീതി സൃഷ്ടിച്ചുകൊണ്ട് നടന്ന റെയ്ഡിൽ വ്യാപക നാശനഷ്ടങ്ങളും വസ്തുവകകൾ തകർക്കലും സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് വെസ്റ്റ് ബാങ്കിലെ സംഘർഷാവസ്ഥ കൂടുതൽ വഷളായിരിക്കുകയാണ്. തടവിലാക്കപ്പെട്ടവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
നബ്ലുസിന് സമീപമുള്ള ടെൽ ഗ്രാമത്തിൽ കുടിയേറ്റക്കാരും പ്രാദേശിക ഫലസ്തീനികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനും വെടിവെപ്പിനും പിന്നാലെയാണ് ഇസ്രായേൽ സൈനിക നടപടി അതിശക്തമാക്കിയത്. തുടന്ന് നബ്ലുസിലെ ‘നബ്ലുസ് സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റൽ’ വളഞ്ഞ ഇസ്രായേൽ സൈന്യം ആശുപത്രിക്ക് ഉള്ളിൽ കയറി തിരച്ചിൽ നടത്തുകയും, വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സംശയാസ്പദമായ രണ്ട് ഫലസ്തീനികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, സംഘർഷത്തിന് പിന്നാലെ ഇസ്രായേലി കുടിയേറ്റ സംഘങ്ങൾ ഫലസ്തീൻ ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി വീടുകൾക്കും വാഹനങ്ങൾക്കും കൃഷിയിടങ്ങൾക്കും തീയിട്ട് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആക്രമണത്തിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. കുടിയേറ്റക്കാരുടെ അക്രമങ്ങൾ തടയാൻ നടപടി സ്വീകരിക്കാത്ത ഇസ്രായേൽ ഭരണകൂടം ഫലസ്തീനികൾക്കെതിരെ ശിക്ഷാനടപടികളും പരിശോധനകളും കടുപ്പിക്കുകയാണെന്ന് ഫലസ്തീൻ പ്രാദേശിക ഭരണകൂടവും മനുഷ്യാവകാശ സംഘടനകളും കുറ്റപ്പെടുത്തി



