റിയാദ്-ദമ്മാം ഹൈവേയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശി മരണപ്പെട്ടു

റിയാദ്: റിയാദ്-ദമ്മാം ഹൈവേയിലെ റുമാഹിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി പൂഭരണിയിൽ സ്വദേശി രാജേഷ് കുമാർ (42) മരണപ്പെട്ടു. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന രാജേഷ്, റിയാദിൽ നിന്ന് അൽഹസയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സാധനങ്ങളുമായി പോയ രാജേഷിനെ കമ്പനി അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനം പരിശോധിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകട വിവരം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണിയൻ നായരുടെയും മണിയമ്മയുടെയും മകനാണ് മരണപ്പെട്ട രാജേഷ് കുമാർ. ദീപയാണ് ഭാര്യ. പ്രണവ്, പൗർണമി എന്നിവരാണ് മക്കൾ.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ റഫീഖ് ചെറുമുക്ക് (ചെയർമാൻ), റിയാസ് തിരൂർക്കാട് (ജനറൽ കൺവീനർ), ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് നിലമ്പൂർ എന്നിവരും കമ്പനി പ്രതിനിധി മുനീർ നിലമ്പൂർ, ബന്ധുവായ രാജേഷ് എന്നിവരും നേതൃത്വം നൽകിവരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles