ന്യൂഡൽഹി: പാർലമെന്റ് മാർച്ചിലും രാജ്യവ്യാപകമായി നടന്ന സമരങ്ങളിലും പോലീസ് നടത്തിയ അതിക്രമങ്ങളുടെ തെളിവുകൾ സുരക്ഷിതമായി ശേഖരിക്കുന്നതിനായി ‘സാക്ഷി’ എന്ന പേരിൽ പ്രത്യേക വെബ്സൈറ്റ് പുറത്തിറക്കി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സി.ജെ.പി വക്താക്കൾ പുതിയ പ്ലാറ്റ്ഫോം പരിചയപ്പെടുത്തിയത്. പ്രതിഷേധക്കാർക്കും ദൃക്സാക്ഷികൾക്കും സമരവുമായി ബന്ധപ്പെട്ട ഒറിജിനൽ ചിത്രങ്ങളും വീഡിയോകളും ഇതിലേക്ക് അപ്ലോഡ് ചെയ്യാനാകും. അപ്ലോഡ് ചെയ്യുന്ന ഓരോ ഫയലിനും ക്രിപ്റ്റോഗ്രാഫിക് ഫിംഗർപ്രിന്റ് നിർമ്മിക്കപ്പെടുന്നതിനാൽ ഇവയിൽ പിന്നീട് കൃത്രിമം കാണിക്കാൻ സാധിക്കില്ല. ഫോൺ പിടിച്ചെടുക്കൽ, ചാറ്റുകൾ ഡിലീറ്റ് ചെയ്യൽ തുടങ്ങിയവ വഴി തെളിവുകൾ നഷ്ടപ്പെടുന്നത് തടയാനും ഇവ നിയമപോരാട്ടങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കാനും ഇതിലൂടെ കഴിയും.
അതേസമയം, നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് 35 ദിവസം നീണ്ട സമരം അവസാനിപ്പിച്ചെങ്കിലും, വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നത് തുടർന്നുപോരുന്നതിൽ സി.ജെ.പി കടുത്ത ആശങ്ക രേഖപ്പെടുത്തി. അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ വേട്ടയാടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയാണെന്ന് സി.ജെ.പി നേതാവ് അശുതോഷ് രങ്ക എക്സിൽ കുറിച്ചു. പ്രതിഷേധക്കാർക്കെതിരെ യാതൊരു ശിക്ഷാനടപടിയും ഉണ്ടാകില്ലെന്ന സർക്കാറിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും, അറസ്റ്റിലായവരെ ഉടനടി മോചിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭം പുനരാരംഭിക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമരക്കാർക്കെതിരെയുള്ള മുഴുവൻ എഫ്.ഐ.ആറുകളും അടിയന്തരമായി പിൻവലിക്കണമെന്നും നിയമപരമായ കരാർ സംബന്ധിച്ച രേഖകൾ നാളെയ്ക്കകം ലഭ്യമാക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.



