ഇറാഖിലെ സംയുക്ത വ്യോമാക്രമണം: ‘യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ മിണ്ടാതിരിക്കില്ല’; സൗദി അറേബ്യ

റിയാദ്: ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല പ്രതിരോധ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സംയുക്ത ആകാശ ആക്രമണം നടത്തിയതായി സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം. അമേരിക്കൻ സൈന്യത്തിന്റെ കമാൻഡുമായി ചേർന്നാണ് ബുധനാഴ്ച പുലർച്ചെ ഈ ആക്രമണം നടത്തിയത്. തങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ശക്തമായി മറുപടി നൽകുമെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരം രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ സംസ്കരണ ശാലകൾക്ക് നേരെ എത്തിയ നിരവധി ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സൗദിയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ട ഈ “ഭീകരാക്രമണങ്ങൾ” ഇറാഖ് മണ്ണിൽ നിന്നാണ് ആരംഭിച്ചതെന്നും ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണ് ഇതിന് പിന്നിലെന്നും സൗദി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. സ്വന്തം രാജ്യത്തെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ 51-ാം വകുപ്പ് പ്രകാരം സൗദിക്കുള്ള അവകാശം വിനിയോഗിച്ചാണ് അനുയോജ്യമായ സമയത്തും സ്ഥലത്തും ഈ തിരിച്ചടി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ സൗദി അറേബ്യ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളിൽ നിന്ന് ഇത്തരം പ്രകോപനപരമായ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയവും കുറ്റപ്പെടുത്തി. രാജ്യാന്തര നിയമങ്ങളെയും അയൽപക്ക ബന്ധങ്ങളുടെ തത്ത്വങ്ങളെയും കാറ്റിൽപ്പറത്തിയാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ചയും സൗദിയിലെ റിയാദിലെയും ഈസ്റ്റേൺ പ്രൊവിൻസിലെയും എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിൽ നിന്ന് വന്ന ഡ്രോണുകൾ തകർത്തിരുന്നു. അതേസമയം, അമേരിക്കയും സൗദിയും നടത്തിയ ഈ സംയുക്ത പ്രത്യാക്രമണത്തിൽ തങ്ങളുടെ പല സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ഒപ്പം കെട്ടിടങ്ങൾക്കും ആസ്തികൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് സ്ഥിരീകരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles