ടെഹ്റാൻ: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി യുണൈറ്റഡ് സ്റ്റേറ്റ്സ് തുടർന്നുപോരുന്ന നാവിക ഉപരോധത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ മുതിർന്ന സൈനിക ഉപദേഷ്ടാവ് മൊഹ്സിൻ റസായി. ഉപരോധം ഇതേപടി തുടരുകയാണെങ്കിൽ അമേരിക്കൻ കപ്പലുകളും സൈനികരും ഗുരുതരമായ പ്രത്യാഘാതങ്ങളും നാശനഷ്ടങ്ങളും നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ സൈനിക ഉപദേഷ്ടാവായ മൊഹ്സിൻ റസായി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അമേരിക്ക അവരുടെ നിലപാടുകളിൽ മാറ്റം വരുത്തണമെന്നും ഹോർമുസ് കടലിടുക്കിൽ രണ്ടാമതൊരു ഇടനാഴി തുറക്കാൻ ഇറാൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജൂണിൽ ടെഹ്റാനും വാഷിംഗ്ടണും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതിനെ തുടർന്ന് ജൂലൈയിലാണ് യു.എസ് സൈന്യം ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ വീണ്ടും ഉപരോധം ശക്തമാക്കിയത്. ഉപരോധം ആരംഭിച്ചതുമുതൽ ഇതുവരെ 44-ലധികം കപ്പലുകൾ വഴിതിരിച്ചുവിടുകയും രണ്ടെണ്ണത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും രണ്ടെണ്ണത്തിൽ കപ്പൽ കയറി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് യു.എസ് സൈനിക അധികൃതർ അറിയിച്ചു. വിഷയം മേഖലയിൽ വലിയ നയതന്ത്ര-സൈനിക പിരിമുറുക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.



