ബീച്ചുകളിൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം; സൗദി ബോർഡർ ഗാർഡ്

റിയാദ്: സൗദി അറേബ്യയിലെ ബീച്ചുകളിൽ എത്തുന്ന വിനോദസഞ്ചാരികളും സന്ദർശകരും കടൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സൗദി ബോർഡർ ഗാർഡ് അഭ്യർത്ഥിച്ചു. നീന്തൽ നിരോധിച്ചിട്ടുള്ള അപകടകരമായ മേഖലകളിൽ ഇറങ്ങരുതെന്നും കടൽതീരങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മാനുഷിക, സാങ്കേതിക വിഭവങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ബോർഡർ ഗാർഡ് അറിയിച്ചു. ഇതിനായി കടൽ പട്രോളിംഗും തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. കടലിലിറങ്ങുന്ന ബോകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം കടൽയാത്രയ്ക്ക് ആവശ്യമായ എല്ലാ പെർമിറ്റുകളും കൈവശമുണ്ടെന്ന് ഉറപ്പാക്കാനും നിർദേശമുണ്ട്.

എല്ലാവരും കടൽ ഗതാഗത നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും പൂർണ്ണമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാൽ മക്ക, മദീന, കിഴക്കൻ പ്രവിശ്യ (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റ് പ്രദേശങ്ങളിലുള്ളവർ 994 എന്ന നമ്പറിലും ബോർഡർ ഗാർഡുമായി ബന്ധപ്പെടേണ്ടതാണ്.

Related Articles

- Advertisement -spot_img

Latest Articles