കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കറുത്ത കുർത്തയും പൈജാമയും ധരിച്ചതിന്റെ പേരിൽ മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവർത്തകന് ക്രൂരമർദ്ദനം. ബംഗാളിലെ 24 നോർത്ത് പർഗനാസ് ജില്ലയിലെ ശ്യാംനഗർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ശുഭങ്കർ ദാസ് ശർമ്മ എന്ന നാടക പ്രവർത്തകനാണ് ആക്രമിക്കപ്പെട്ടത്. കൊൽക്കത്തയിലെ നാടക അവതരണത്തിന് ശേഷം ലെനിൻ നഗറിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നാലംഗ സംഘത്തിന്റെ ആക്രമണം. മർദ്ദനത്തിൽ മുഖം വീർത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് ശുഭങ്കർ ദാസ് സംഭവം പുറംലോകത്തെ അറിയിച്ചത്.
‘നീ മുസ്ലിമാണോ’ എന്ന് ചോദിച്ചുകൊണ്ട് ജയ് ശ്രീറാം വിളികളോടെയാണ് യുവാക്കൾ തന്നെ ആക്രമിച്ചതെന്ന് ശുഭങ്കർ പറഞ്ഞു. എൻ.എസ്.ജി കമാൻഡോകളും കറുത്ത വസ്ത്രമാണ് ധരിക്കുന്നതെന്നും അവരും മുസ്ലിങ്ങളാണോ എന്നും താൻ തിരിച്ചുചോദിച്ചു. ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം താൻ ഹിന്ദുവാണെന്ന് പറയുന്നത് അക്രമികൾക്ക് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് തോന്നിയതിനാലാണ് അങ്ങനെ പറയാതിരുന്നതെന്നും, താൻ മുസ്ലിമാണെങ്കിൽ എന്താണെന്നും ഈ രാജ്യം മുസ്ലിങ്ങളുടേത് കൂടിയല്ലേ എന്ന് ചോദിച്ചപ്പോൾ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിൽ ശുഭങ്കറിന്റെ കർണ്ണപടം തകരുകയും വാരിയെല്ലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് നോവപ്പാറ പൊലീസ് അറിയിച്ചു. ഭരണകക്ഷിയായ ബി.ജെ.പിയുടെ അണികളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാണെന്നും സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനൊപ്പം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാടക പ്രവർത്തകനായ ജോയ് രാജ് ഭട്ടാചാര്യ പ്രതികരിച്ചു.



