അധ്യാപകരുടെ മാനസിക പീഡനം: കോളജ് കെട്ടിടത്തിൽ നിന്ന് ചാടിയ മലയാളി നഴ്‌സിങ് വിദ്യാർത്ഥിനി മരിച്ചു; പ്രതിഷേധം ശക്തം

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കരുങ്കൽ ബത്‌ലഹേം സ്വകാര്യ നഴ്‌സിങ് കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം വെള്ളറട കത്തിപാറ പി.എ.എൻ. ഹൗസിൽ അനിൽരാജ് – സോണി ദമ്പതികളുടെ മകൾ അൻസിജിയാണ് (21) മരണപ്പെട്ടത്. മൂന്നാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. ഓഗസ്റ്റ് 14-ന് കോളജിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് നടുക്കുന്ന സംഭവം നടന്നത്.

കോളജിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച് ഫോൺ കൈവശം വെച്ചെന്ന് ആരോപിച്ച് കോളജ് പ്രിൻസിപ്പൽ ഷീജ, അൻസിജിയെ സഹപാഠികളുടെ മുന്നിൽ വെച്ച് കഠിനമായി ശകാരിക്കുകയും കടുത്ത മാനസിക പീഡനത്തിനിരയാക്കുകയും ചെയ്തതായി ആരോപണമുണ്ട്. ഇതിൽ മനംനൊന്താണ് കുട്ടി കെട്ടിടത്തിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ അൻസിജിയെ കോളജ് അധികൃതർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാർത്താണ്ഡത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിന അലങ്കാരങ്ങൾ ചെയ്യുന്നതിനിടെ വഴുതിവീണ അപകടമാണെന്നാണ് കോളജ് മാനേജ്‌മെന്റ് പോലീസിനോടും വീട്ടുകാരോടും ആദ്യഘട്ടത്തിൽ പറഞ്ഞത്.

നേരത്തെ കോളജ് ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകിയതിനെതിരെ അൻസിജിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. ഇതിനുശേഷം പ്രിൻസിപ്പലും മാനേജ്‌മെന്റും കുട്ടിയോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും തുടർച്ചയായി മാനസിക സമ്മർദ്ദത്തിലാക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ഷീജയ്ക്കും കോളജ് മാനേജ്‌മെന്റിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കരുങ്കൽ പോലീസ് കേസെടുത്തു. സംഭവം തമിഴ്‌നാട്ടിലും കേരളത്തിലും വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അൻസിജിക്ക് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഹാഷ്ടാഗ് ക്യാമ്പയിനുകൾ ശക്തമായി നടക്കുകയാണ്. പ്ലസ് വൺ വിദ്യാർത്ഥിനിയായ കുക്കുവാണ് അൻസിജിയുടെ ഏക സഹോദരി.

 

 

Related Articles

- Advertisement -spot_img

Latest Articles