‘ഗ്യാനേഷ് കുമാറിനെയും വോട്ടിങ് മെഷീനെയും അമേരിക്കയിലേക്ക് കൊണ്ടുപോയ്ക്കോളൂ’: ട്രംപിന് ട്രോളുമായി പവൻ ഖേര

ന്യൂഡൽഹി: അമേരിക്കയിൽ കർശനമായ വോട്ടിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സേവ് അമേരിക്ക ആക്ടിനെ (സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്ട്) ന്യായീകരിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അഭിപ്രായത്തെയും പരാമർശിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്. കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേരയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ട്രംപിന് ശക്തവും പരിഹാസഭരിതവുമായ മറുപടി നൽകിയത്.

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപൊയ്ക്കോളൂ എന്ന് ട്രംപിനോട് ഖേര എക്‌സ് പോസ്റ്റിൽ കുറിച്ചു. ഗ്യാനേഷ് കുമാർ അവിടെയെത്തിയാൽ അടുത്ത വിമാനത്തിൽ തന്നെ ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും തങ്ങൾ കയറ്റി അയക്കാമെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യക്കെതിരായി ട്രംപ് നടത്തിയ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും പകരം തങ്ങൾക്ക് ചെയ്തുനൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിതെന്നും ഖേര കൂട്ടിചേർത്തു. തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തെ (എസ്.ഐ.ആർ) ഓർമ്മിപ്പിച്ചുകൊണ്ട് ‘ടു എസ്.ഐ.ആർ വിത്ത് ലവ്, ഫ്രം ഇന്ത്യ’ എന്ന് കുറിച്ചാണ് പവൻ ഖേര തന്റെ എക്‌സ് പോസ്റ്റ് അവസാനിപ്പിച്ചത്.

ഭരണകക്ഷിയായ ബി.ജെ.പിയോട് പക്ഷപാതപരമായി ഇടപെടുന്നു എന്നാരോപിച്ച് പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു. വോട്ട് ചോരി ആരോപണങ്ങളും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെടുന്നെന്ന പരാതികളും ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിമർശനം. അതേസമയം, വോട്ടർമാർ പൗരത്വം തെളിയിക്കുന്ന രേഖകളും ഫോട്ടോ ഐഡിയും നിർബന്ധമാക്കുന്നതും തപാൽ വോട്ടിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായ ട്രംപിന്റെ സേവ് അമേരിക്ക ആക്ടിനെതിരെ യു.എസിലെ ഡെമോക്രാറ്റിക് നേതാക്കൾ ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്.

 

 

 

Related Articles

- Advertisement -spot_img

Latest Articles