ഉത്തരാഖണ്ഡിൽ വോട്ടർപട്ടിക പുതുക്കലിൽ വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധനയുടെ (എസ്.ഐ.ആർ – SIR) മറവിൽ വോട്ടർമാരുടെ പേരുകൾ വ്യാപകമായി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. പേരുകൾ ഒഴുവാക്കാനായി ഫോം ഏഴ് (Form 7) ഉപയോഗിച്ച് വൻതോതിൽ വ്യാജ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും ഇതിൽ അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ചില വ്യക്തികൾ പ്രതികാരബുദ്ധിയോടെ നൂറുകണക്കിന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ അപേക്ഷ നൽകിയതായി പാർട്ടിയുടെ ഡാറ്റാ വിശകലനത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ ഒരു വ്യക്തി മാത്രം ഏകദേശം 6,400 പേരുടെ പേരുകൾ ഒഴിവാക്കാനായി അപേക്ഷ നൽകിയെന്നും 1,200-ഓളം പേർ പത്തിലധികം വോട്ടർമാർക്കെതിരെ പരാതി നൽകിയെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഒരു സിറ്റിങ് കോൺഗ്രസ് എം.എൽ.എയുടെ പേര് വെട്ടാനും ശ്രമം നടന്നിട്ടുണ്ട്. സംശയാസ്പദമായ അപേക്ഷകരുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ നൽകിയിരിക്കുന്ന വിലാസത്തിലും ഫോൺ നമ്പറുകളിലും വലിയ പൊരുത്തക്കേടുകൾ കണ്ടെത്തി. ഇവരിൽ പലരുമായും ബന്ധപ്പെട്ടപ്പോൾ തങ്ങൾ ഉത്തരാഖണ്ഡിൽ താമസിക്കുന്നവരല്ലെന്നും ഇത്തരമൊരു അപേക്ഷ നൽകിയിട്ടില്ലെന്നുമാണ് അറിയിച്ചത്.

എന്നാൽ ഫോം ഏഴ് അപേക്ഷ ലഭിച്ചതുകൊണ്ട് മാത്രം വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്യില്ലെന്നും, അപേക്ഷകൾ കൃത്യമായി പരിശോധിച്ച് ബന്ധപ്പെട്ട വോട്ടർക്ക് മറുപടി നൽകാൻ അവസരം നൽകിയ ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂ എന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകളുടെ പേര് ഒഴിവാക്കാൻ ഒരാൾ അപേക്ഷിച്ചാൽ ഇ.ആർ.ഒ (ERO) തലത്തിൽ പ്രത്യേക പരിശോധന നടക്കും. എങ്കിലും വ്യാജ അപേക്ഷകൾ പൂർണ്ണമായും തള്ളണമെന്നും അബദ്ധത്തിൽ നീക്കം ചെയ്യപ്പെട്ട പേരുകൾ പുനഃസ്ഥാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും കോടതിയെ സമീപിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles