അറബ്-മുസ്ലിം രാജ്യങ്ങൾ ഐക്യപ്പെടണം; യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണമെന്ന് ആയത്തുള്ള മുജ്തബ ഖാംനഈ

ടെഹ്‌റാൻ: പശ്ചിമേഷ്യൻ മേഖലയിലെ മുസ്ലിം രാഷ്ട്രങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് പരസ്പരം ഐക്യപ്പെടണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഈ ആഹ്വാനം ചെയ്തു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളോടും ഇസ്ലാമിക ഐക്യ വാരത്തോടും അനുബന്ധിച്ച് നൽകിയ പ്രത്യേക സന്ദേശത്തിലാണ് അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ അറബ്-ഗൾഫ് രാജ്യങ്ങൾ ഒന്നിക്കണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത്. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ ഭിന്നതയും വിള്ളലുമുണ്ടാക്കാനാണ് ബാഹ്യശക്തികൾ ശ്രമിക്കുന്നതെന്നും, വംശീയവും സാംസ്കാരികവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾ മുതലെടുക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മുസ്ലിം ലോകം കൂട്ടായ പ്രതിരോധം തീർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമൂഹത്തിനിടയിൽ ആഭ്യന്തര ഭിന്നതകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ ബോധപൂർവ്വമല്ലെങ്കിൽ പോലും ഇസ്ലാമിന്റെ ശത്രുക്കളെയാണ് സഹായിക്കുന്നതെന്ന് ഖാംനഈ മുന്നറിയിപ്പ് നൽകി.

ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും ശാശ്വത സമാധാനം ഉറപ്പാക്കാനും സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും സാമ്പത്തിക സുരക്ഷാ മേഖലകളിലും ഇസ്ലാമിക രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വിപുലപ്പെടുത്തുന്നത് ആഗോളതലത്തിൽ മുസ്ലിം സമൂഹത്തിന്റെ ശാക്തീകരണത്തിന് വഴിയൊരുക്കും. അതോടൊപ്പം, ഓരോ രാജ്യത്തെയും ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ആഭ്യന്തര സാമൂഹിക ഐക്യം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും, അതിന് തുരങ്കം വെക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഹ്യ ഉപരോധങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാൻ സാമ്പത്തിക രംഗത്ത് ഡോളറിന്റെ ആധിപത്യം കുറയ്ക്കണമെന്നും, ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കണമെന്നും ഗൾഫ് ഭരണാധികാരികളോട് ഇറാന്റെ പരമോന്നത നേതാവ് ആഹ്വാനം ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles