കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ച് വിജയിയുടെ രക്ഷിതാവ്. കാലിക്കറ്റ് പെഡലേഴ്സിന്റെ നേതൃത്വത്തിൽ നടന്ന ‘ക്വാഡ്സ് സ്വിമ്മത്തോൺ’ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊലപാതകക്കേസിലെ പ്രതിയായ ആളുടെ കയ്യിൽ നിന്ന് തന്റെ മകൾ പുരസ്കാരം സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിന്മാറാൻ നിർബന്ധിതനായി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്റ് കളക്ടറാണ് വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. കാലിക്കറ്റ് ട്രൈക്കലോൺ മത്സരത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയ ശ്രീറാം വെങ്കിട്ടരാമനെ ചെറൂട്ടി നഗറിൽ നടന്ന നീന്തൽ മത്സരത്തിന്റെ സംഘാടകർ സമ്മാന വിതരണത്തിനായി ക്ഷണിക്കുകയായിരുന്നു. ഇതിനിടെയാണ് വേദിയെയും സംഘാടകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് രക്ഷിതാവിന്റെ പരസ്യമായ പ്രതിഷേധമുണ്ടായത്.



