കണ്ണൂർ: പയ്യന്നൂരിൽ കഴിഞ്ഞദിവസം സി.പി.ഐ.എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തെയും അതിൽ പ്രസംഗിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വാദങ്ങളെയും രൂക്ഷമായി വിമർശിച്ച് വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വടകരയിലും ഇതുപോലെ പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ യോഗം നടന്നിരുന്നതായി പോസ്റ്റിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് അവിടെ വിശദീകരിക്കാൻ ചെന്ന നേതാവ് ചെങ്കൊടി താഴ്ത്താൻ ടി.പിയോട് ആക്രോശിച്ച് ദിവസങ്ങൾക്കുള്ളിലാണ് അദ്ദേഹം മൃഗീയമായി കൊല്ലപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.
എന്നാൽ വടകരയിൽ നിന്ന് വ്യത്യസ്തമായി പയ്യന്നൂരിൽ ‘പാർട്ടിയെ വഞ്ചിച്ചവരാരും പിന്നീട് വളർന്നിട്ടില്ലെന്നും രക്തസാക്ഷി ധനരാജിന്റെ പേര് ഇനി ഉച്ചരിച്ചു പോകരുതെന്നുമാണ്’ നേതാക്കൾ പറഞ്ഞതെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാതെ മുൻപ് മറ്റെല്ലാവരും നിരന്തരം ആവർത്തിച്ച കാര്യങ്ങൾ തന്നെ പിണറായിയും വീണ്ടും പറഞ്ഞു എന്നതൊഴിച്ചാൽ പുതുമയുള്ളതൊന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നില്ല. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് വന്നപ്പോൾ ഉണ്ടായിരുന്ന നേരിയ പ്രതീക്ഷയും ഇതോടെ അവസാനിച്ചെന്നും, തെറ്റുകൾ തിരുത്താൻ പാർട്ടി ഒട്ടും തയ്യാറല്ലെന്നും ജനങ്ങൾക്കാണ് തെറ്റ് പറ്റിയതെന്ന രീതിയിലാണ് വിശദീകരണമെങ്കിൽ ഇനിയെന്ത് തെറ്റ് തിരുത്തലാണെന്നും അദ്ദേഹം ചോദിച്ചു.
തിരുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയാത്ത നേതൃത്വത്തെ കാലക്രമത്തിൽ അണികൾ തന്നെ തച്ചുടയ്ക്കുമോ എന്ന് കണ്ടുതന്നെ അറിയാമെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ചും തിരുത്തൽ ശക്തിയായി നിലകൊണ്ടുമാണ് പയ്യന്നൂരിലെ ജനങ്ങൾ സി.പി.ഐ.എമ്മിനെ തോൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തോറ്റത് പാർട്ടിയോ പാർട്ടി സ്ഥാനാർത്ഥിയോ അല്ലെന്നും, തെറ്റ് പറ്റിയത് ജനങ്ങൾക്കാണെന്നും അതിനാൽ ജനങ്ങൾ തന്നെ തെറ്റ് തിരുത്തി തിരിച്ചുവരണമെന്നുമാണ് പിണറായി വിജയനും കെ.കെ. രാഗേഷും നടത്തിയ പ്രസംഗത്തിന്റെ ആകെത്തുകയെന്ന് കുഞ്ഞികൃഷ്ണൻ വിലയിരുത്തി. ഭീഷണിയുടെ സ്വരമുള്ള ഇത്തരം നിലപാടുകൾ പൊതുജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു.



