ആർ.ടി. ഒഫീസുകളിൽ ഇനി കാത്തുനിൽക്കേണ്ട; 60 മോട്ടോർ വാഹന സേവനങ്ങൾ കൂടി സെപ്റ്റംബർ 21 മുതൽ ഓൺലൈനിലേക്ക്

തിരുവനന്തപുരം: സെപ്റ്റംബർ 21 മുതൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രധാന സേനങ്ങൾക്കായി ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ടതില്ല. വാഹന സംബന്ധമായ സേവനങ്ങൾക്കുള്ള ‘വാഹൻ’, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾക്കുള്ള ‘സാരഥി’ എന്നീ പോർട്ടലുകൾ വഴിയുള്ള 60 സേവനങ്ങൾ കൂടി ആധാർ അധിഷ്ഠിത (OTP) ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. നിലവിൽ 21 സേവനങ്ങൾ മാത്രമാണ് ഈ രീതിയിലുള്ളത്. പുതിയ മാറ്റത്തോടെ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ചൂഷണം പൂർണ്ണമായും ഒഴിവാക്കാനും ഭൂരിഭാഗം ആവശ്യങ്ങൾക്കും ആർ.ടി. ഓഫീസുകളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാനും സാധിക്കും.

അപേക്ഷകൾ സമർപ്പിക്കാൻ സാങ്കേതിക സഹായം ആവശ്യമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളെയോ, സി.എസ്.സി കേന്ദ്രങ്ങളെയോ അല്ലെങ്കിൽ ആർ.ടി. ഓഫീസുകളെയോ നേരിട്ട് സമീപിക്കാവുന്നതാണ്. എന്നാൽ ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യങ്ങളിൽ മാത്രം ആധികാരികത ഉറപ്പാക്കാൻ അപേക്ഷകൻ ഒരു തവണ നേരിട്ട് ഹാജരാകേണ്ടി വരും. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും, വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്. കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടൻ തന്നെ ഓട്ടോമേറ്റഡ് വാഹന പരിശോധനാ കേന്ദ്രങ്ങൾ നിലവിൽ വരുമെന്നും, കൊല്ലം, ആലപ്പുഴ ജില്ലകളിലായി മൂന്ന് കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഓഫീസുകളിലെത്തുന്ന അപേക്ഷകൾ ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക. ഓൺലൈൻ അപേക്ഷകളുടെ പകർപ്പുകൾ ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ലെന്നതും വലിയ ആശ്വാസമാണ്. വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നീ മൂന്ന് കാര്യങ്ങൾക്ക് മാത്രമാണ് ഇനി ഓഫീസുകളിൽ പോകേണ്ടി വരിക. ഇതിനുള്ള സ്ലോട്ടുകൾ ‘നമ്മുടെ കേരളം’ പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ ‘വി മീറ്റ്’ സംവിധാനം വഴി വീഡിയോ കോളിലൂടെ ഹാജരാകാനുള്ള സൗകര്യവും ലഭ്യമാണ്.

Related Articles

- Advertisement -spot_img

Latest Articles