തെഹ്റാൻ/വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ അമേരിക്ക നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം. ആക്രമണത്തിൽ തങ്ങളുടെ സൈനികോപകരണങ്ങൾ നശിക്കുകയും സാധാരണക്കാരടക്കം കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയെങ്കിലും അവയെല്ലാം ജോർഡൻ വ്യോമാതിർത്തിയിൽ വെച്ച് തടഞ്ഞു നശിപ്പിച്ചതായി അമേരിക്കൻ അധികൃതർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകും വിധം കടൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാറക് ദ്വീപിലെ രണ്ട് ഇറാനിയൻ ലോഞ്ചറുകൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തെ ‘കടന്നുകയറ്റം’ എന്ന് വിശേഷിപ്പിച്ച ഇറാൻ, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയായിരുന്നു. കടലിൽ മൈനുകൾ സ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും കർശനമായി നേരിടുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിലെ ചരക്ക് കപ്പൽ ഗതാഗതം വൻതോതിൽ കുറഞ്ഞു. സുരക്ഷ മുൻനിർത്തി പല കപ്പലുകളും തങ്ങളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) ഓഫ് ചെയ്താണ് സർവീസ് നടത്തുന്നത്.
ഇതിന് പുറമെ ഇറാനുമായി ഇടപാടുകൾ നടത്തുന്ന മറ്റൊരു ബാങ്കിനെതിരെക്കൂടി ഈ ആഴ്ച ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് അറിയിച്ചു.
അതേസമയം, പ്രവാചക ജന്മദിന സന്ദേശത്തിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളാൻ മുസ്ലിം രാജ്യങ്ങളോട് ഇറാന്റെ പരമാധികാരി ആയത്തുല്ല മുജ്തബ ഖാംനഈ ആഹ്വാനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും പശ്ചിമേഷ്യയെ കൂടുതൽ വിനാശകരമായ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന വലിയ ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം



