കോൺഗ്രസ് നേതാക്കൾ പ്രതികളായ എം.ഡി.എം.എ കേസ്: ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യൻ യുവതിയും പിടിയിൽ

കാസറഗോഡ്: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാലിക്കടവ് ചന്തേര എം.ഡി.എം.എ കേസിൽ അന്താരാഷ്ട്ര ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരന്മാരായ രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. ഒരു ആഫ്രിക്കൻ സ്വദേശിയും ഉത്തരേന്ത്യൻ സ്വദേശിനിയായ യുവതിയുമാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി ഉയർന്നു. ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയാഖാൻ എന്ന സാത്തി ശൈഖ്, ഘാന സ്വദേശി വിക്ടർ ദസാബ എന്നിവരാണ് പോലീസ് വലയിലായത്. മധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള ഒളിത്താവളത്തിൽ നിന്ന് സാഹസികമായാണ് സാത്തി ശൈഖിനെ അന്വേഷണ സംഘം പിടികൂടിയത്. വിക്ടർ ദസാബയെ കൊല്ലത്തുനിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിന്റെ അന്താരാഷ്ട്ര ലഹരി ബന്ധത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ആഗസ്റ്റ് ഒമ്പതിനാണ് എം.ഡി.എം.എയുമായി യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം, അബ്ബാസ് എന്നിവർ ആദ്യമായി അറസ്റ്റിലാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ചിരുന്ന പ്രധാന കണ്ണി അമ്പലത്തറ വേളൂർ പാറപ്പള്ളി സ്വദേശി കെ. മുഹമ്മദ് സാബിറിനെ ഈ മാസം 19-ന് പോലീസ് പിടികൂടി. ഇയാളെയും കൂട്ടാളികളെയും വിശദമായി ചോദ്യം ചെയ്തതാണ് ആഫ്രിക്കൻ സ്വദേശിയിലേക്കും ഉത്തരേന്ത്യൻ ശൃംഖലയിലേക്കും അന്വേഷണം എത്തിച്ചത്. കാഞ്ഞങ്ങാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

Related Articles

- Advertisement -spot_img

Latest Articles