ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജ് – കൗശാംബി അതിർത്തിയിലുള്ള പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരങ്ങൾ. പിപ്രി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ ശക്തമായ സ്ഫോടനമുണ്ടായത്.
അപകടവിവരം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിലും പ്രാഥമിക നടപടികളും ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്. സംഭവം നടന്നയുടൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഫോടനത്തിന്റെ കൃത്യമായ കാരണവും പടക്ക നിർമ്മാണ യൂണിറ്റിലെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചകളും കണ്ടെത്താനായി പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



