പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. കിടപ്പിലാകുന്നതിന് തൊട്ടുമുൻപത്തെ ദിവസങ്ങളിൽ പോലും പുതിയ പാട്ടിന് ഈണമിട്ട് സംഗീതലോകത്ത് സജീവമായിരുന്നു അവുക്ക.

മാപ്പിളപ്പാട്ട് ഗാനശാഖയിൽ മൂവായിരത്തിലധികം അനശ്വര ഗാനങ്ങളാണ് അദ്ദേഹം ഈണം നൽകി സമ്മാനിച്ചത്. കെ.ജെ. യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര ആലപിച്ച ‘യത്തീമിനതാണീ’ തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ ഈണത്തിൽ പിറന്നവയാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ ഗായകരെയെല്ലാം അബൂബക്കർ തൻ്റെ സംഗീതസംവിധാനത്തിൽ പാടിച്ചിട്ടുണ്ട്. ‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം സംഭവിച്ചത്.

പ്രശസ്ത സംഗീതസംവിധായകൻ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അബൂബക്കർ സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ദേവരാജൻ മാസ്റ്റർ, ബോംബെ രവി തുടങ്ങിയ പ്രഗത്ഭരുടെ പ്രിയപ്പെട്ട തബലിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു. അന്തരിച്ച പ്രശസ്ത സിനിമാ താരം മാമുക്കോയ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. കെ. വി. സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവർ മക്കളും സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന എന്നിവർ മരുമക്കളുമാണ്.

Related Articles

- Advertisement -spot_img

Latest Articles