സഞ്ജയ് കെ. അഗർവാളിനെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ന്യൂഡൽഹി: രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു. നിലവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയ്‌ക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെയും അഭിഭാഷകരുടെ ശക്തമായ പ്രതിഷേധങ്ങളെയും തുടർന്നാണ് പുതിയ സ്ഥിരം ചീഫ് ജസ്റ്റിസിനെ നിയമിക്കാനുള്ള നിർണ്ണായക തീരുമാനം. രാജസ്ഥാൻ കൂടാതെ മധ്യപ്രദേശ്, ജമ്മു കശ്മീർ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഹൈക്കോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.

പത്ത് മാസത്തിലേറെയായി രാജസ്ഥാൻ ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായി തുടരുകയായിരുന്ന സഞ്ജീവ് പ്രകാശ് ശർമയ്‌ക്കെതിരെ സുപ്രീം കോടതി ജസ്റ്റിസ് സന്ദീപ് മേത്തയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് തുടർച്ചയായി കത്തുകൾ അയച്ച് പരാതി ഉന്നയിച്ചത്. ഭരണപരമായ അധികാരങ്ങളുടെ ദുരുപയോഗം, കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലെ ക്രമക്കേടുകൾ, പക്ഷപാതപരമായ സമീപനം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കത്തുകളിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ശർമയെ മാറ്റണമെന്നും പകരം മറ്റൊരു സംസ്ഥാനത്തു നിന്നുള്ള സ്ഥിരം ചീഫ് ജസ്റ്റിസിനെ നിയമിക്കണമെന്നും ജസ്റ്റിസ് മേത്ത ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങളിൽ ഇരുപക്ഷത്തിന്റെയും വിശദീകരണം തേടിയ ശേഷമേ തുടർനടപടി ഉണ്ടാകൂ എന്ന് വ്യക്തമാക്കിയ സി.ജെ.ഐ, കൊളീജിയം വശങ്ങൾ പരിശോധിച്ചു വരികയാണെന്നും അറിയിച്ചിരുന്നു.

ഇതിനിടെ ജയ്പൂർ ബെഞ്ചിൽ അഭിഭാഷകർ ശർമയുടെ കോടതിക്ക് മുന്നിൽ പ്രതിഷേധിക്കുകയും ജോധ്പൂരിലെ അഭിഭാഷക സംഘടനകൾ സെപ്റ്റംബർ ആറ് വരെ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. വിവാദങ്ങൾ ഉയർന്നതോടെ ശർമ കോടതി നടപടികളിൽ നിന്ന് പിന്മാറുകയും സെപ്റ്റംബർ അഞ്ച് വരെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. സെപ്റ്റംബർ 26-ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് അടിയന്തര സാഹചര്യങ്ങൾ പരിഗണിച്ച് ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശുപാർശ നൽകിയത്.

Related Articles

- Advertisement -spot_img

Latest Articles