പൂണെ: വി.ഡി. സവർക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കടുത്ത മുസ്ലിം വിരോധിയായി ചിത്രീകരിച്ചെന്ന് സവർക്കറുടെ സഹോദരപൗത്രൻ സത്യകി സവർക്കർ കോടതിയിൽ മൊഴി നൽകി. സവർക്കർ ഒരിക്കലും മുസ്ലിം വിഭാഗത്തെ വെറുത്തിരുന്നില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പ്രസംഗിച്ചതെന്നും പൂണെയിലെ പ്രത്യേക എം.പി/എം.എൽ.എ കോടതിയിൽ സത്യകി ആരോപിച്ചു. രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ ക്രോസ് വിസ്താരത്തിനിടെ മൊഴി നൽകുകയായിരുന്നു അദ്ദേഹം.
2023 മാർച്ച് 5-ന് ലണ്ടനിൽ വെച്ച് നടന്ന ഓവർസീസ് കോൺഗ്രസ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. സവർക്കറും കൂട്ടുകാരും ചേർന്ന് ഒരു മുസ്ലിം യുവാവിനെ മർദ്ദിച്ചുവെന്നും അതിൽ സന്തോഷം കണ്ടെത്തിയെന്ന് സ്വന്തം പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. എന്നാൽ, രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാറിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി, സവർക്കർ ഇത്തരമൊരു സംഭവം എവിടെയും എഴുതിയിട്ടില്ലെന്നും ആൾക്കൂട്ട ആക്രമണം നടത്തുന്ന വ്യക്തിയായി സവർക്കറെ ചിത്രീകരിക്കാൻ രാഹുൽ വ്യാജ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്നും സത്യകി ചൂണ്ടിക്കാട്ടി. സവർക്കർ തന്റെ എഴുത്തുകളിലൂടെ മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കുള്ള വഴികളാണ് കാണിച്ചുതന്നതെന്നും അദ്ദേഹം വാദിച്ചു.
ചൊവ്വാഴ്ച നടന്ന കോടതി നടപടികൾക്കിടെ, മഹാത്മാഗാന്ധി വധക്കേസിലെ ഗൂഢാലോചനക്കാരിലൊരാളും നാഥുറാം ഗോഡ്സെയുടെ സഹോദരനുമായ ഗോപാൽ ഗോഡ്സെയുടെ 2004-ലെ ഒരു വീഡിയോ അഭിമുഖവും അതിന്റെ ലിഖിതരൂപവും രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. നാഥുറാം ഗോഡ്സെ ആർ.എസ്.എസ് (RSS) അംഗമായിരുന്നുവെന്ന് ഗോപാൽ ഗോഡ്സെ ഈ അഭിമുഖത്തിൽ സമ്മതിക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.



