അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും കുറ്റക്കാരൻ: ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി

കൊച്ചി: അനാശാസ്യ കേന്ദ്രം നടത്തുന്നയാളെപ്പോലെ തന്നെ അവിടെയെത്തുന്ന ഇടപാടുകാരനും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരം കുറ്റക്കാരനാണെന്ന് ഹൈകോടതി. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ലൈംഗിക തൊഴിലാളികളായി മാറുന്നവരെ സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്ന വാണിജ്യ ഇടങ്ങളാണ് അനാശാസ്യ കേന്ദ്രങ്ങളെന്നും ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് സേവനം തേടിയെത്തുന്ന വ്യക്തികൾ നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ നിലനിൽപ്പിൽ നേരിട്ട് പങ്കാളികളാവുകയാണെന്നും കോടതി വ്യക്തമാക്കി. അതിനാൽ ഇടപാടുകാരനെ ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരൻ കുറ്റവാളിയാണെന്ന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധികൾ ഡിവിഷൻ ബെഞ്ച് ശരിവെക്കുകയും, ഇടപാടുകാർ കുറ്റക്കാരല്ലെന്ന് നേരത്തെ വ്യക്തമാക്കിയ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തിൽ വിവിധ സിംഗിൾ ബെഞ്ചുകളിൽ നിന്ന് പരസ്പരവിരുദ്ധമായ വിധികൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വിഷയം ഹൈകോടതി ചീഫ് ജസ്റ്റിസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. അനാശാസ്യ നിരോധന നിയമപ്രകാരം ഇടപാടുകാരെ വിചാരണ ചെയ്യാൻ സാധിക്കുമോ എന്ന സുപ്രധാന നിയമപ്രശ്നം പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

- Advertisement -spot_img

Latest Articles