ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലുണ്ടായ അപ്രതീക്ഷിത അക്രമത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് ദാരുണമായി കുത്തേറ്റ് കൊല്ലപ്പെട്ടു. ക്വീൻസ് സ്വദേശിയായ 32-കാരി എറിൻ പിയാസെന്റിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ക്വീൻസ് സ്വദേശിയായ പമേല സിസ്നെറോസ് (49) എന്ന സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. അക്രമിയുടെ കുത്തേറ്റ 68-കാരനായ വിനോദസഞ്ചാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു.
വെസ്റ്റ് 42 സ്ട്രീറ്റിനും സെവന്ത് അവന്യൂവിനും സമീപം തിങ്കളാഴ്ച ഉച്ചയോടെ യാതൊരു മുൻകോപവും പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം നടന്നത്. ഷോപ്പിങ് ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ട് വലിയ അടുക്കളക്കത്തികൾ പുറത്തെടുത്ത അക്രമി, വഴിയിലൂടെ നടന്നുപോവുകയായിരുന്ന 68-കാരനെ ആദ്യം കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് തൊട്ടടുത്തായി ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന ബാങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സെലക്ഷൻ ആൻഡ് കോൺഫ്ലിക്റ്റ്സ് യൂണിറ്റ് വൈസ് പ്രസിഡന്റ് എറിൻ പിയാസെന്റിക്ക് നേരെ തിരിയുകയും അവരെ വയറ്റിൽ മാരകമായി കുത്തുകയുമായിരുന്നു.
പ്രസവാവധിക്കുശേഷം അടുത്തിടെയാണ് എറിൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം ആയുധം താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും അക്രമി വഴങ്ങിയില്ല. പോലീസുകാർക്ക് നേരെ ഭീഷണിപ്പെടുത്തി പാഞ്ഞടുക്കാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. അക്രമിക്ക് കാലങ്ങളായി ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ജെസിക്ക ടിഷ് വ്യക്തമാക്കി. സഹപ്രവർത്തകയുടെ ദാരുണമായ വേർപാടിൽ ബാങ്ക് ഓഫ് അമേരിക്ക അധികൃതരും ഫോർഡ്ഹാം സർവ്വകലാശാലയും കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.



