പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു

ദുബൈ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും നടനുമായ നിസാർ വയനാട് (44) ദുബൈയിൽ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയായ അദ്ദേഹം വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കാനായാണ് കഴിഞ്ഞ മാസം യു.എ.ഇയിലെത്തിയത്. പനിയെ തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് ദുബൈ മൻഖൂൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വരും ദിവസങ്ങളിൽ ദുബായിലും സൗദി അറേബ്യയിലുമായി നടക്കാനിരുന്ന ഗാനമേളകളിൽ പങ്കെടുക്കാനിരിക്കെയാണ് അന്ത്യം.

അനേകം ജനപ്രിയ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള നിസാർ, ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും കന്നഡ ചിത്രങ്ങളിലും പിന്നണി ഗായകനായി സംഭാവന നൽകിയിട്ടുണ്ട്. പ്രമുഖ ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദ സാദൃശ്യമാണ് ഗാനമേള വേദികളിൽ അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. ബഹ്‌റൈനിൽ നടന്ന സ്റ്റേജ് ഷോയിൽ ഉദിത് നാരായണനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന നിസാർ. സിംബ്രീന, അംബ്രീന എന്നിവർ മക്കളാണ്. ബുഷറ, നസീറ, അൻസാർ എന്നിവരാണ് സഹോദരങ്ങൾ. ദുബൈയിൽ സാമൂഹിക പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles