തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് പരാതിപ്പെടാൻ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച ഉപഭോക്താവിന് സംസ്ഥാന വൈദ്യുതി മന്ത്രിയുടെ നമ്പർ നൽകി ജീവനക്കാരന്റെ വിചിത്ര നടപടി. കറന്റ് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ മതിയെന്ന മറുപടിയാണ് ജീവനക്കാരൻ നൽകിയത്. വാർത്താസമ്മേളനത്തിൽ മന്ത്രി സണ്ണി ജോസഫ് തന്നെയാണ് ഈ സംഭവം പരസ്യമായി വെളിപ്പെടുത്തിയത്. വിഷയം ഗൗരവത്തോടെ കാണുന്നതായും ബന്ധപ്പെട്ട ജീവനക്കാരനെതിരെ അടിയന്തര അന്വേഷണം നടത്തി നടപടിയെടുക്കാൻ കെ.എസ്.ഇ.ബി ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് രൂക്ഷമായ ഊർജ പ്രതിസന്ധിയാണ് നിലവിലുള്ളതെന്നും പവർകട്ട് ഏർപ്പെടുത്തേണ്ട നിർബന്ധിത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, ഫീഡർ തലത്തിൽ നടപ്പിലാക്കുന്ന വൈദ്യുതി നിയന്ത്രണത്തിന്റെ ഏകദേശ സമയം ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്നും കൂട്ടിച്ചേർത്തു. ദേശീയ തലത്തിലുണ്ടായ ഊർജ പ്രതിസന്ധി കേരളത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യമായ വൈദ്യുതിയുടെ 86 ശതമാനവും സ്വയം ഉൽപ്പാദിപ്പിക്കുമ്പോൾ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം കേവലം 25 ശതമാനം മാത്രമാണ്. ജൂലൈയിൽ ലഭിക്കേണ്ട മഴ ലഭിക്കാത്തതും രാത്രി 12 മണിക്ക് ശേഷവും ഉയർന്ന വൈദ്യുതി ഉപയോഗം തുടരുന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നിലവിൽ ഗ്രിഡ് കൺട്രോൾ ബോർഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ കുറവുണ്ട്.
സെപ്റ്റംബർ 30 വരെ ഈ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. സോളാർ വൈദ്യുതി സംഭരിക്കാനുള്ള പ്ലാന്റുകളുടെ പോരായ്മ പരിഹരിക്കാൻ ഒക്ടോബർ അവസാനത്തോടെ കാസർകോട്, അരീക്കോട് എന്നിവിടങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പ്രവർത്തനസജ്ജമാക്കും. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള എല്ലാ വഴികളും സർക്കാർ പരിശോധിക്കുന്നുണ്ടെന്നും പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.



