സിറിയയിലെ ഇദ്‌ലിബിൽ ആയുധശേഖരണ കേന്ദ്രത്തിൽ വൻ സ്ഫോടനം: 14 മരണം, 11 പേർക്ക് പരിക്ക്

ഇദ്‌ലിബ്: വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള താൽക്കാലിക ആയുധശേഖരണ കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റതായി സിറിയൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇദ്‌ലിബിലെ സർമദ നഗരത്തിന് സമീപം പ്രവർത്തിച്ചിരുന്ന ആയുധശേഖരണ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടം തകർന്നുവീണതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. സിറിയൻ സിവിൽ ഡിഫൻസ്, സിറിയൻ റെഡ് ക്രസന്റ് എന്നിവയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേനകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും കടുത്ത സൈനിക സംഘർഷങ്ങളും സിറിയയിലുടനീളം വൻതോതിൽ നിയമവിരുദ്ധ ആയുധങ്ങളും വെടിക്കോപ്പുകളും കെട്ടിക്കിടക്കാൻ കാരണമായിട്ടുണ്ട്. സർമദയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സിറിയൻ അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles